ദില്ലി : യാത്രാ ചരിത്രങ്ങളൊന്നും ഇല്ലാത്തവരും കോവിഡ് പോസിറ്റീവ് ആയി തുടങ്ങിയതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒമിക്രോണിന്‍റെ സമൂഹവ്യാപനം ആരംഭിച്ചതായി സ്ഥിരീകരിച്ചു. 2716 പുതിയ കോവിഡ് കേസുകളുമായിട്ടാണ് ഡല്‍ഹിയില്‍ പുതുവര്‍ഷം ആരംഭിച്ചത്. തൊട്ട് മുന്‍പത്തെ ദിവസം 1796 ആയിരുന്നു പ്രതിദിന കോവിഡ് കേസുകള്‍. കേസ് പോസിറ്റീവിറ്റി നിരക്ക് 3.44 ശതമാനമായി ഉയര്‍ന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. രണ്ടാം തരംഗത്തിന്‍റെ മൂർധന്യാവസ്ഥയില്‍ 4.76 ശതമാനമായിരുന്നു കേസ് പോസിറ്റീവിറ്റി നിരക്ക്. സമൂഹ വ്യാപനം സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് വ്യക്തമാക്കി.
നിലവില്‍ രാജ്യതലസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സ്കൂളുകള്‍, കോളജുകള്‍, ജിമ്മുകള്‍, സ്പാകള്‍ എന്നിവ അടച്ചു പൂട്ടുകയും മെട്രോകളിലെയും ബസുകളിലെയും സീറ്റിങ് ശേഷി 50 ശതമാനമായി കുറയ്ക്കുകയും ചെയ്തു. രാത്രി കര്‍ഫ്യൂവും നിലവില്‍ വന്നു. രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക്(454 കേസുകള്‍) പിന്നില്‍ രണ്ടാമതാണ് ഡല്‍ഹി. 351 ഒമിക്രോണ്‍ കേസുകളാണ് 2022 ജനുവരി 1 ലെ കണക്ക് പ്രകാരം ഡല്‍ഹിയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്(118), ഗുജറാത്ത്(115), കേരളം(109) എന്നിവയാണ് തൊട്ട് പിന്നിലുള്ള സംസ്ഥാനങ്ങള്‍. ആകെ 1431 ഒമിക്രോണ്‍ കേസുകളാണ് രാജ്യമൊട്ടുക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 488 പേര്‍ രോഗമുക്തരായി.
നിലവിലെ സാഹചര്യം പരിഗണിച്ച് കുട്ടികള്‍ക്ക് വേണ്ടി മാത്രം 3000ത്തിലധികം ആശുപത്രി കിടക്കകള്‍ തയാറാക്കി വച്ചിട്ടുണ്ടെന്നും ഡല്‍ഹി ആരോഗ്യ മന്ത്രി അറിയിച്ചു. ഒമിക്രോണ്‍ മൂലമുള്ള രോഗബാധ തീവ്രമല്ല എന്നത് അല്‍പം ആശ്വാസം പകരുന്ന കാര്യമാണെന്നും ഇത് മൂലം ഇത് വരെയും മരണങ്ങളൊന്നും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. ഒമിക്രോണ്‍ രോഗികള്‍ക്കൊന്നും ഓക്സിജന്‍ പിന്തുണയും ഇതു വരെ വേണ്ടി വന്നിട്ടില്ല എന്നതും ശുഭസൂചനയാണെന്ന് മന്ത്രി പറഞ്ഞു.