തിരുവനന്തപുരം : മാവേലി എക്‌സ്പ്രസില്‍ യുവാവിനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെ പരിഹസിച്ച് കെ സുധാകരന്‍. പോലീസിന്റെ ക്രൂരതകള്‍ക്ക് മാപ്പ് പറയാന്‍ മാത്രമായി ഒരു വകുപ്പുണ്ടാക്കി അതിന് മന്ത്രിയെ നിയമിക്കേണ്ട അവസ്ഥയിലേയ്ക്കാണ് കഴിവുകെട്ട ആഭ്യന്തര മന്ത്രി കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. അക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചിട്ടും ആഭ്യന്തര മന്ത്രി മൗനം പാലിക്കുന്നത് അത്ഭുതമാണെന്നും കെപിസിസി പ്രസിഡന്റ് വിമര്‍ശിച്ചു. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. കഴിഞ്ഞ ദിവസം ഒരു വിദേശ പൗരന്റെ മേല്‍ കുതിര കയറിയ പിണറായി വിജയന്റെ പോലീസ് ഇന്ന് ഒരാളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നു. പോലീസിന്റെ ക്രൂരതകള്‍ക്ക് മാപ്പ് പറയാന്‍ മാത്രമായി ഒരു വകുപ്പുണ്ടാക്കി അതിന് മന്ത്രിയെ നിയമിക്കേണ്ട അവസ്ഥയിലേയ്ക്കാണ് കഴിവുകെട്ട ആഭ്യന്തര മന്ത്രി കേരളത്തെ എത്തിച്ചിരിക്കുന്നത്.
പോലീസ് അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചിട്ടും ആഭ്യന്തര മന്ത്രി സ്ഥാനത്ത് പിണറായി വിജയന് നാണവും മാനവും ഇല്ലാതെ തുടരാന്‍ കഴിയുന്നത് അത്ഭുതം തന്നെയാണ്. സിപിഎം എന്ന പാര്‍ട്ടിയ്ക്ക് അതിന്റെ സംസ്ഥാന സെക്രട്ടറിയ്ക്ക് ഈ മന്ത്രിസഭയില്‍ എന്തെങ്കിലും സ്വാധീനം പേരിനെങ്കിലുമുണ്ടെങ്കില്‍ പിണറായി വിജയനെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യണം. പോലീസിന്റെ അഴിഞ്ഞാട്ടം നിര്‍ത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതരാക്കരുത്. കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെ വൈകിട്ടാണ് മാവേലി എക്‌സ്പ്രസില്‍ വെച്ച് പോലീസ് യാത്രക്കാരെ മര്‍ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിട്ടുണ്ട്.