ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഹസനമെന്ന് ശശി തരൂരിന് മനസ്സിലായി എന്നു പറഞ്ഞ ബിജെപി വക്താവ് അമിത് മാളവ്യയ്ക്കു മറുപടിയുമായി തരൂർ രംഗത്ത്. കോൺഗ്രസിന്റെ ആന്തരിക കാര്യത്തിൽ ബിജെപിയുടെ ഇടപെടൽ ആവശ്യമില്ലെന്നു മാളവ്യയുടെ ട്വീറ്റ് പങ്കുവച്ച് തരൂര്‍ പ്രതികരിച്ചു.‘‘ഞങ്ങളുടെ ആന്തരിക അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ഞങ്ങൾ തികച്ചും പ്രാപ്തരാണ്. ഞങ്ങളുടെ പാർട്ടിയുടെ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ ഇടപെടൽ ആവശ്യമില്ല. ആദ്യം നിങ്ങൾ ഇങ്ങനെയൊന്ന് നടത്തൂ’’- തരൂർ വ്യക്തമാക്കി.
കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് തരൂരിന് മനസ്സിലായെന്നും കൃത്യമായ വിശദാംശങ്ങളുള്ള പ്രതിനിധികളുടെ പട്ടിക അദ്ദേഹത്തിന് നൽകിയിട്ടില്ലെന്നുമാണ് അമിത് മാളവ്യ പറഞ്ഞത്. സംസ്ഥാന പ്രസിഡന്റുമാർ ഖർഗെയ്ക്ക് വേണ്ടി ആവേശത്തോടെ പ്രചാരണം നടത്തുകയാണ്. എന്നാൽ തരൂരിനെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും അമിത് ആരോപിച്ചു.