കൊച്ചി: സുരേഷ് ഗോപിയെ ബിജെപിയുടെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. കോർ കമ്മിറ്റിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്നു. സുരേഷ് ഗോപിക്ക് എല്ലാ യോഗ്യതയും ഉണ്ട്. അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ ആർക്കും സംശയമില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും മറ്റ് കാര്യങ്ങൾ അറിയില്ല എന്നും മുരളീധരൻ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കേരള ഘടകത്തിന്റെ അറിവോടെയാണ് സുരേഷ് ഗോപിയുടെ സ്ഥാന ലബ്ധി എന്ന രീതിയിൽ പ്രതികരിച്ചിരുന്നു. ആരെയെങ്കിലും ഒഴിവാക്കുന്നതും കൂട്ടി ചേർക്കുന്നതും നേതൃത്വത്തിന്‍റെ ആശയ വിനിമയത്തിന് ശേഷമാണെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം. പാർട്ടിക്ക് സംഭാവന ചെയ്യാൻ കഴിയുന്ന ആളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്‍റെ സേവനം കേരളത്തിൽ കൂടുതൽ വേണം. കേന്ദ്രവും സംസ്ഥാനവും കൂട്ടായി ആണ് തീരുമാനം എടുക്കുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, നിലവിലുള്ള കീഴ്വഴക്കങ്ങൾ മറികടന്ന് സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് കേരള ഘടകത്തിലെ മാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിക്കുന്നവരുണ്ട്. പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രട്ടറിമാരും മാത്രം ഉൾപ്പെടുന്നതായിരുന്നു കോർ കമ്മിറ്റി. ഈ കമ്മിറ്റിയിലേക്കാണ് കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയെ എത്തിച്ചിരിക്കുന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ കേന്ദ്ര നേതൃത്വത്തിന് മതിയായ തൃപ്തിയില്ല എന്നായിരുന്നു സൂചന. സംസ്ഥാന നേതൃത്വത്തിനെതിരെ അടിക്കടി ഉയരുന്ന ആരോപണങ്ങളിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ സ്ഥാനത്തുനിന്ന് നീക്കിയതാണ് ഒടുവിലത്തെ വിവാദം. തൃശ്ശൂർ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റെങ്കിലും സുരേഷ് ഗോപിയുടെ ജനപിന്തുണ ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. രാജ്യസഭാ എംപിയായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനവും കേന്ദ്ര നേതൃത്വത്തെ തൃപ്തിപ്പെടുത്തി. അതേസമയം പുതിയ സ്ഥാന ലബ്ധിയെ കുറിച്ച് സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.