തിരുവനന്തപുരം : തെക്കൻ കേരളത്തെ അവഹേളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരാമര്‍ശങ്ങൾക്കെതിരെ മന്ത്രി വിഎൻ വാസവൻ. വടക്കും തെക്കും തമ്മിലുള്ള താരതമ്യം സുധാകരൻ നടത്തിയിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്ന് വാസവൻ തുറന്നടിച്ചു. കേരളത്തിലെ ഒരു സ്ഥലം മറ്റൊരിടത്തെക്കാൾ മെച്ചമാണ് അവിടുത്തെ ജനങ്ങൾ മികവുറ്റതാണ് മറ്റേത് മോശമാണ് എന്ന രീതിയിൽ സംസാരിക്കുന്ന രാഷ്ട്രീയം ഏത് അർത്ഥത്തിലാണെങ്കിലും ബഹിഷ്കരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
“ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം;
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍”
ഭാരതവും കേരളവും ഒരുമിച്ചു പോകണമെന്ന സന്ദേശം വള്ളത്തോളുയര്‍ത്തിക്കൊണ്ട് വന്നത് സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂറിന്റെ പടപ്പുറപ്പാടിന്റെ പശ്ചാത്തലത്തിലായിരുന്നു. സിപിയെ പൊരുതി തോൽപ്പിച്ച നാടാണിത്. ആ കേരളത്തിലാണ് വടക്കും തെക്കും തമ്മിലുള്ള താരതമ്യം കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ നടത്തിയിരിക്കുന്നത്. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ഒന്നാണിത്.
കേരളത്തിലെ ഒരു സ്ഥലവും മറ്റൊരിടത്തെക്കാൾ മെച്ചമാണ് അവിടുത്തെ ജനങ്ങൾ മികവുറ്റതാണ് മറ്റേത് മോശമാണ് എന്ന് എന്ന രീതിയിൽ സംസാരിക്കുന്ന രാഷ്ട്രീയം ഏത് അർത്ഥത്തിലാണെങ്കിലും ബഹിഷ്കരിക്കപ്പെടേണ്ട രാഷ്ട്രീയമാണ്.
തെക്കൻ കേരളത്തിലെയും വടക്കൻ കേരളത്തിലെയും രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ഒരുമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെപിസിസി പ്രസിഡന്റ് വിവാദ പരാമര്‍ശം നടത്തിയത്. രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദ്ദരിച്ചാണ് തെക്കൻ കേരളത്തെ അവഹേളിക്കുന്ന രീതിയിൽ സുധാകരൻ മറുപടി നൽകിയത്. ഞാനൊരു കഥ പറയാമെന്നായിരുന്നു സുധാകരൻ ചോദ്യത്തിന് നൽകിയ ആദ്യ മറുപടി.