കോട്ടയം: തെക്കൻ കേരളത്തെയും നേതാക്കളെയും വിശ്വസിക്കാൻ കൊള്ളിലെന്ന് സൂചിപ്പിച്ചുള്ള കെ സുധാകരന്‍റെ പ്രസ്‍താവയ്ക്ക് എതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആളുകളെ വിലയിരുത്തേണ്ടത് പ്രദേശത്തെ നോക്കിയല്ലെന്നും അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നോക്കിയാവണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത്. ജനതയെ ഐക്യത്തോടെ നയിക്കണം. അല്ലാതെ തെക്കെന്നും വടക്കെന്നും വിഭജിക്കരുതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കെ സുധാകരന്‍റെ വിവാദപരാമര്‍ശം.
തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നൽകിയ മറുപടിയിലാണ് കെ സുധാകരൻ രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്. സുധാകരന്‍ നൽകിയ മറുപടി ഇങ്ങനെ – ‘അതെ, അതിൽ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവൻ ലങ്കയിൽ നിന്ന് ലക്ഷ്‌മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തിൽ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ തന്‍റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാൻ ലക്ഷ്‌മണൻ ആലോചിച്ചു. എന്നാൽ തൃശ്ശൂരിലെത്തിയപ്പോൾ ലക്ഷ്‌മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാൽ രാമൻ അദ്ദേഹത്തിന്‍റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, ഞാൻ നിന്‍റെ മനസ് വായിച്ചു. അത് നിന്‍റെ തെറ്റല്ല. നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണ്’. ഇത് പറഞ്ഞ് കഴിഞ്ഞ് കെ സുധാകരൻ പൊട്ടിച്ചിരിച്ചുവെന്നും അഭിമുഖത്തിൽ ഈ ഉത്തരത്തോടൊപ്പം എഴുതിയിട്ടുണ്ട്.
വടക്കുള്ള നേതാക്കൾ സത്യസന്ധരും നേർവഴിക്കുള്ള നിലപാടുകാരും ധൈര്യമുള്ളവരുമെന്നാണ് പുകഴ്ത്തൽ. അതിനൊപ്പമാണ് രാമായണത്തെ കൂട്ടി തെക്കുള്ളവരെ അവഹേളിക്കൽ. പ്രസ്‍താവന വിവാദമായതിന് പിന്നാലെ പരമാര്‍ശം പിന്‍വലിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു. നാട്ടില്‍ പ്രചാരത്തിലുള്ള കഥയാണ് പറഞ്ഞത്. അതില്‍ ദുരുദ്ദേശമൊന്നുമില്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും സുധാകരന്‍ പറഞ്ഞു.