ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയക്കുന്നത് ശരിവെച്ച കേന്ദ്ര നിലപാടിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ബലാത്സംഗികൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽ പ്രതികരിച്ചത്.
ചെങ്കോട്ടയിൽ സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി യഥാർത്ഥത്തിൽ പിന്തുണക്കുന്നത് ബലാത്സംഗികളെയാണ്. അദ്ദേഹത്തിൻറെ വാഗ്ദാനങ്ങളും ഉദ്ദേശങ്ങളും തമ്മിൽ കൃത്യമായ വ്യത്യാസമുണ്ട്. പ്രധാനമന്ത്രി സ്ത്രീകളെ വഞ്ചിക്കുക മാത്രമാണ് ചെയ്തത് – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളായ 11 പേരെ വിട്ടയച്ച നടപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിസിച്ചിരുന്നു. എന്നാൽ സി.ബി.ഐയും പ്രത്യേക കോടതിയും ഈ തീരുമാനത്തെ എതിർത്തു.
ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തെയാകെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെയാണ് ശിക്ഷാ കാലാവധി പൂർത്തിയാക്കും മുമ്പ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. ഇവർ 14 വർഷമായി ജയിലിൽ കഴിയുകയാണെന്നും പെരുമാറ്റം നല്ലതാണെന്നുമാണ് വിട്ടയച്ചതിനെ കുറിച്ച് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ വിശദീകരിച്ചത്. വിട്ടയച്ചത് കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
2022 ജൂൺ 28നാണ് 11 പേരെയും വിട്ടയക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ അനുമതി തേടിയത്. ജൂലൈ 11 ന് കേന്ദ്രസർക്കാർ അനുമതി നൽകി. തുടർന്ന് പ്രതികളെ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് വിട്ടയച്ചു. അത് വ്യാപകമായ രാഷ്ട്രീയ വിമർശനങ്ങൾക്ക് ഇടവെച്ചിരുന്നു. ഇത്തരം വിടുതലുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. എന്നാൽ പ്രതികളെ വിട്ടയച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയോ എന്ന കാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നില്ല. അതിനാൽ കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് വിട്ടയച്ചതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്.
എന്നാൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ കാലാവധി പൂർത്തിയാക്കും മുമ്പുള്ള വിടുതലിന് കേന്ദ്രം അനുമതി നൽകിയതിന്റെ രേഖകൾ സംസ്ഥാന സർക്കാർ സമർപ്പിച്ചു.