ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 18ൽ നിന്നും 21 ആക്കി ഉയർത്തുന്നതിനുള്ള ബില്ല് പരിശോധിക്കുന്ന സമിതിയുടെ രൂപീകരണത്തിൽ ആശങ്കയറിയിച്ച് മഹാരാഷ്ട്ര എം പി പ്രിയങ്ക ചതുർവേദി. സ്ത്രീകളെ സംബന്ധിക്കുന്ന ഏറ്റവും സുപ്രധാനമായ നിയമത്തെക്കുറിച്ച് ചർച്ച ചെയ്യാൻ നിയമിച്ച 31 അംഗ സമിതിയിൽ ഒരു സ്ത്രീ മാത്രമാണുള്ളതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിനയച്ച കത്തിലാണ് പ്രിയങ്ക ആശങ്ക അറിയിച്ചത്. പശ്ചിമ ബംഗാൾ എം.പി സുസ്മിത ദേവും സമാന വിഷയത്തിൽ ആശങ്കയറിയിച്ചിരുന്നു. നിലവിലെ സമിതിയിലെ ഏക സ്ത്രീ സാന്നിധ്യമാണ് സുസ്മിത ദേവ്.
സ്ത്രീകൾക്ക് ഏറെ പ്രസക്തമായ നിയമത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സമിതിയിൽ സ്ത്രീ പ്രാതിനിധ്യം കുറവാകുന്നത് നിരാശാജനകമാണെന്നും രാജ്യത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന കമ്മിറ്റിയിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും പ്രിയങ്ക കത്തിൽ പറഞ്ഞു.
എല്ലാവരുടേയും അഭിപ്രായങ്ങൾ മാനിക്കേണ്ടതുണ്ടെന്നും സ്ത്രീകളുടെ ശബ്ദം കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യണമെന്നും ശിവസേന നേതാവ് കൂടിയായ പ്രിയങ്ക കൂട്ടിച്ചേർത്തു. ലോക്സഭയുടെ ശീതകാല സമ്മേളനത്തിൽ
അവതരിപ്പിക്കപ്പെട്ട ശൈശവ വിവാഹനിരോധ (ഭേദഗതി) ബിൽ, പാർലമെന്‍റിന്‍റെ വിദ്യാഭ്യാസ, വനിത, ശിശു, യുവ, കായിക സ്ഥിരം സമിതിക്ക് വിട്ടിരുന്നു. വനിത – ശിശു വികസന മന്ത്രാലയമാണ് ബിൽ അവതരിപ്പിച്ചത്.
സ്ത്രീകളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയം പരിശോധിക്കുന്ന സമിതിയിൽ സ്ത്രീകൾ ഇനിയും വേണ്ടതായിരുന്നുവെന്ന് സുപ്രിയ സുലെ എം.പി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. കൂടുതൽ പേരെ ക്ഷണിച്ച് അഭിപ്രായം കേൾക്കാൻ സമിതി അധ്യക്ഷന് അധികാരമുള്ളതിനാൽ എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാടുകൾ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷയെന്നും സുപ്രിയ കൂട്ടിച്ചേർത്തു.
വിവാഹപ്രായം ഉയർത്താൻ കേന്ദ്രസർക്കാറിന് ശിപാർശ ചെയ്ത സമിതിയുടെ അധ്യക്ഷ ജയ ജെയ്റ്റിലിയും ഇക്കാര്യം എടുത്തുപറഞ്ഞു. 50 ശതമാനം അംഗങ്ങളെങ്കിലും വനിതകളായിരുന്നു വേണ്ടിയിരുന്നതെന്നായിരുന്നു അവരുടെ പ്രതികരണം. സാധ്യമെങ്കിൽ സമിതിയിലെ തങ്ങളുടെ പുരുഷ അംഗങ്ങളെ പിൻവലിച്ച് വനിതകളെ ഉൾപ്പെടുത്താൻ പാർട്ടികൾ ശ്രമിക്കണമെന്നും അവർ അഭ്യർഥിച്ചിട്ടുണ്ട്. ബിൽ നിയമമായാൽ വിവിധ വ്യക്തിനിയമങ്ങളെ മറികടന്ന് എല്ലാ സമുദായങ്ങൾക്കും ബാധകമാവുന്ന അവസ്ഥയാണുണ്ടാവുക എന്നതിനാൽ ഇത് മൗലികാവകാശ ലംഘനമാവുമെന്ന് വ്യാപകമായി വിമർശനമുയർന്നിട്ടുണ്ട്.