മധ്യപ്രദേശ് : മധ്യപ്രദേശിലെ ഖാർഗോണിലെ രാമനവമി ആഘോഷത്തിനിടെ നടന്ന അക്രമത്തിനിടെയുണ്ടായ നാശനഷ്ടങ്ങൾക്ക് 2.9 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നോട്ടീസ് ലഭിച്ചത് 12 വയസ്സുകാരന്. നോട്ടീസ് ലഭിച്ചത് മുതൽ താൻ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് കുട്ടി കഴിയുന്നതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയുടെ കൂലിപ്പണിക്കാരനായ പിതാവ് കാലു ഖാനോട് സംസ്ഥാന ക്ലെയിംസ് ട്രിബ്യൂണൽ 4.8 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ പുതിയ നിയമപ്രകാരമാണ് ഇത്തരമൊരു നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിനെ അനുകരിച്ച് കഴിഞ്ഞ വർഷം ഡിസംബറിലാണ് മധ്യപ്രദേശ് പ്രിവൻഷൻ ആൻഡ് റിക്കവറി ഓഫ് ഡാമേജസ് ടു പബ്ലിക് പ്രോപ്പർട്ടി നിയമം പാസാക്കിയത്. പണിമുടക്കുകൾ, പ്രതിഷേധങ്ങൾ, ഗ്രൂപ്പ് സംഘർഷങ്ങൾ എന്നിവയ്ക്കിടെ പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് മനഃപൂർവം നാശനഷ്ടം വരുത്തിയാൽ നഷ്ടപരിഹാരം വീണ്ടെടുക്കാൻ അനുമതി നൽകുന്നതാണ് നിയമം. ഉത്തർപ്രദേശിലെ നിയമം ചില സന്ദർഭങ്ങളിൽ ദുരുപയോഗം ചെയ്യപ്പെടുന്നതായും ആരോപണമുണ്ട്.
രാമനവമിക്ക് ശേഷം ട്രിബ്യൂണലിന് 343 പരാതികൾ ലഭിച്ചിരുന്നു. അതിൽ 34 എണ്ണം മാത്രമാണ് സ്വീകരിച്ചത്. ഇതുവരെ ആറ് ക്ലെയിമുകൾ തീർപ്പാക്കിയിട്ടുണ്ട്. 50 പേരിൽ നിന്നായി 7.46 ലക്ഷം രൂപ കണ്ടെടുത്തു. ഏപ്രിൽ 10 ന് രാമനവമി ഘോഷയാത്രയ്ക്കിടെ ഒരു ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടതോടെ തന്റെ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന പരാതിയിലാണ് കുട്ടിക്കെതിരെ നോട്ടീസ്. ഈ നോട്ടീസിൽ കുട്ടിക്ക് 12 വയസ്സുണ്ടെന്ന് വ്യക്തമായി പറയുന്നുണ്ട്. 2.9 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി വ്യക്തമാക്കുന്നു. കുട്ടി തങ്ങളുടെ വീട് കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തതായി അയൽവാസികൾ ആരോപിച്ചു. ആൺകുട്ടിക്കും പിതാവിനും പുറമെ മുതിർന്നവരായ മറ്റ് ആറ് പേർക്കും ട്രിബ്യൂണൽ നോട്ടീസ് അയച്ചിട്ടുണ്ട്.
“എന്റെ മകൻ പ്രായപൂർത്തിയാകാത്ത ആളാണ്. സംഘർഷം നടക്കുമ്പോൾ ഞങ്ങൾ ഉറങ്ങുകയായിരുന്നു. ഞങ്ങൾക്ക് നീതി വേണം,” കാലു ഖാൻ പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്യുമോ എന്ന ഭയത്തിലാണ് മകൻ എന്ന് ഭാര്യ റാണു പറഞ്ഞു. നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ സെപ്തംബർ 12 ന്, എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ ട്രിബ്യൂണലിൽ സമർപ്പിക്കണമെന്ന് പറഞ്ഞ് കോടതി ഹർജി തള്ളി. ആക്ഷേപം ഫയൽ ചെയ്താൽ, അത് നിയമാനുസൃതമായി ട്രിബ്യൂണൽ പരിഗണിക്കുകയും തീരുമാനിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
ട്രിബ്യൂണൽ ഏകപക്ഷീയമായി പ്രവർത്തിച്ചുവെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ അഷ്ഹർ അലി വാർസി എൻഡിടിവിയോട് പറഞ്ഞു. ആൺകുട്ടിയുടെ പങ്കിനെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്താതെയാണ് ട്രിബ്യൂണൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതുവരെ കുറ്റക്കാരാണെന്ന് പ്രഖ്യാപിക്കാത്തവർക്ക് ക്ലെയിം ട്രിബ്യൂണൽ പിഴ ചുമത്തിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നിയമപ്രകാരം 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ആറു ശതമാനം പലിശ പ്രതി നൽകണം. ട്രിബ്യൂണലിന് ഒരു സിവിൽ കോടതിക്ക് സമാനമായ അധികാരങ്ങൾ ഉണ്ട്. കൂടാതെ മൂന്ന് മാസത്തിനുള്ളിൽ ക്ലെയിമുകളിൽ തീരുമാനമെടുക്കുകയും വേണം. നഷ്ടപരിഹാരം നൽകാൻ കഴിയുന്നില്ലെങ്കിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നിയമം അനുവദിക്കുന്നുണ്ടെന്നും ട്രിബ്യൂണൽ ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രിബ്യൂണൽ ബിജെപിയുടെ വിപുലീകൃത വിഭാഗത്തെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും 12 വയസ്സുകാരന് അവർക്ക് എങ്ങനെ നോട്ടീസ് നൽകാൻ കഴിയുമെന്നും കോൺഗ്രസ് വക്താവ് കെ കെ മിശ്ര ചോദിച്ചു.