എല്ലാവർക്കും തിളക്കമുള്ളതും കരുത്തുറ്റതുമായ തലമുടി വേണം. എന്നാൽ ഇതിനായി മുടി പരിചരിക്കാൻ സമയം കണ്ടെത്തുന്നുമില്ല. മുടിക്ക് മറ്റ് ശരീരഭാഗങ്ങൾക്ക് നൽകുന്നതുപോലെ ശ്രദ്ധയും പരിചരണവും നൽകിയാൽ മാത്രമേ ഈ ആഗ്രഹം സഫലമാകൂ. മാത്രമല്ല മുടി കൊഴിച്ചിൽ, വരൾച്ച, താരൻ തുടങ്ങിയ പ്രശ്നങ്ങളെ പ്രതിരോധിക്കാനും പരിചരണം ആവശ്യമാണ്. പ്രകൃതിദത്ത മാര്‍ഗങ്ങളാണ് തലമുടി സംരക്ഷണത്തിന് ഉചിതം. പാർശ്വഫലങ്ങൾ കുറവാണ് എന്നതാണ് ഇതിനു കാരണം. നിരവധി മാർഗങ്ങൾ ഇതിനായി ഉപയോഗിച്ചു വരുന്നു. അത്തരത്തിൽ ഒന്ന് ഇതാ.
വെളിച്ചെണ്ണ, ഒലീവ് ഓയിൽ, കാസ്റ്റർ ഓയിൽ എന്നീ മൂന്നു എണ്ണകൾ ഒരു ഗ്ലാസ് ജാറിൽ തുല്യ അളവിൽ എടുക്കുക. ഇതിലേക്ക് അൽപം കറിവേപ്പിലയും ഉലുവയും ഇടുക. ജാർ കുലുക്കി ഇത് നന്നായി മിക്സ് ചെയ്യുക. നന്നായി കലരുന്നതിനായി കുറച്ചു ദിവസങ്ങൾ അങ്ങനെ സൂക്ഷിക്കുക. അതിനുശേഷം ആവശ്യമുള്ള എണ്ണയെടുത്ത് ചെറുതായി ചൂടാക്കി തലയിൽ തേച്ചു പിടിപ്പിക്കണം. ഒരു മണിക്കൂറിനുശേഷം തല നന്നായി കഴുകാം. ആഴ്ചയിൽ ഒരു തവണ വീതം ഇങ്ങനെ ചെയ്താൽ മുടിക്ക് തിളക്കവും മിനുസവും ലഭിക്കും. മുടിയുടെ കരുത്ത് വര്‍ധിക്കുകയും കൊഴിച്ചിൽ നിൽക്കുകയും ചെയ്യും.