ന്യൂഡൽഹി∙ രാജ്യത്തും ലോകത്തിന്റെ വിവിധയിടങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. ഇന്ത്യയിൽ ശ്രീനഗറിലാണ് ഏറ്റവും കൂടുതൽ ദൃശ്യമായത്. ഇവിടെ സൂര്യബിംബത്തെ 55% മറയ്ക്കാനായി. വൈകുന്നേരം 4.29ന് ഡൽഹിയിൽ 43% സൂര്യബിംബത്തെ മറച്ചുള്ള ഗ്രഹണവും കണ്ടു.
ഇന്ത്യയിൽ സൂര്യഗ്രഹണം ആദ്യമായി ദൃശ്യമായത് ഡൽഹിയിൽ ആണ്.ഈ വർഷത്തെ അവസാന സൂര്യഗ്രഹണമാണിത്. ഗ്രഹണത്തോട് അനുബന്ധിച്ച് ക്ഷേത്രങ്ങൾ അടച്ചിട്ടു. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളക്കം അടച്ചിട്ടു. ഗ്രഹണത്തിനുശേഷം തുറക്കും. ഇന്ത്യയ്ക്കു പുറമേ യൂറോപ്പ്, വടക്കൻ ആഫ്രിക്ക, മധ്യപൂർവേഷ്യ, ഏഷ്യയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും ദൃശ്യമാകുമെന്നും അധികൃതർ പറഞ്ഞു. നവംബർ 8ന് ചന്ദ്രഗ്രഹണവും ദൃശ്യമാകും.
എന്താണ് സൂര്യഗ്രഹണം?
സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ അൽപനേരത്തേക്കു പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെട്ടിട്ടുള്ളൂ.
ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
സൂര്യഗ്രഹണം ഒരിക്കലും നഗ്ന നേത്രങ്ങൾകൊണ്ടു വീക്ഷിക്കരുത്. ഇതു കാഴ്ചശക്തിയെ ബാധിച്ചേക്കും.