തിരുവനന്തപുരം: ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ലെന്നും ഗവർണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടന പറുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവർണർക്ക് ബാധകം. സുപ്രീംകോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഗവർണറുടെ നിലപാടുകൾ ആർഎസ്എസ് ബിജെപി സമീപനത്തിന്റെ ഭാഗമാണ്. ആ നിലപാടുകൾ എങ്ങനെ കേരളത്തിൽ നടപ്പാക്കാനാകുമെന്ന് നോക്കുകയാണ് ഗവർണറെന്നും അദ്ദേഹം പറഞ്ഞു.
കേരളം നിർമ്മിച്ച നിയമത്തിൻറെ ആനുകൂല്യത്തിലാണ് ഗവർണർ ചാൻസിലർ പദവിയിൽ ഇരിക്കന്നത് എന്നോർക്കണം. ഗവർണറെ ചാൻസിലറാക്കണമെന്ന് ഒരു യുജിസിയും പറയുന്നില്ല. സർവ്വകലാശാല വിഷയം കൂടി ചേർത്തുവെച്ചൽ ഗവർണറുടെ മനസിൽ എന്തെന്ന് അറിയാം. ഇത് ഫാസിസ്റ്റ് മാതൃകയാണ്. ഗവർണർ സർവ്വകലാശാലയിൽ സ്വീകരിക്കുന്ന നിലപാട് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.