ബെംഗളൂരു ∙ മഠത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ(45) ഹണിട്രാപ്പിന് ഇരയായിരുന്നതായി രാമനഗര പൊലീസ്. ഒരു സ്ത്രീയുമായി നടത്തിയ അശ്ലീല വിഡിയോ കോളിന്റെ പേരിൽ പ്രതിയോഗികൾ അദ്ദേഹത്തെ വേട്ടയാടിയിരുന്നുവെന്ന ആരോപണം പൊലീസ് സ്ഥിരീകരിച്ചു. സ്വാമി ബസവലിംഗയുമായുള്ള വിഡിയോ കോളുകൾ സ്ക്രീൻ റെക്കോർഡ് സംവിധാനം ഉപയോഗിച്ച് സ്ത്രീ റെക്കോർഡ് ചെയ്‌ത് സൂക്ഷിച്ചിരുന്നതായും ഇത്തരത്തിൽ പകർത്തിയ നാല് അശ്ലീല വിഡിയോകൾ പുറത്തു വിടുമെന്നു സ്ത്രീയും കൂട്ടാളികളും സ്വാമി ബസവലിംഗയെ ഭീഷണിപ്പെടുത്തിയിരുന്നതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു.
മുറിയിൽനിന്നു കണ്ടെത്തിയ 2 പേജുള്ള ആത്മഹത്യക്കുറിപ്പിൽ തന്നെ അപകീർത്തിപ്പെടുത്തി സ്ഥാനത്തുനിന്നു പുറത്താക്കാൻ ചിലർ ശ്രമിക്കുന്നതായി സ്വാമി ബസവലിംഗ ആരോപിച്ചിരുന്നു. അജ്ഞാതയായ ഒരു സ്ത്രീയാണ് തന്നോടിത് ചെയ്തതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. ആത്മഹത്യക്കുറിപ്പിൽ പറയുന്ന രണ്ട് പേരുകൾ ലിംഗായത്ത് മഠത്തിലെ പ്രമുഖരുടെതാണെന്ന സൂചനകളോട് പ്രതികരിക്കാൻ പൊലീസ് തയാറായില്ല. ലിംഗായത്ത് മഠാധിപതിയുടെ മരണത്തിൽ പിന്നിൽ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുണ്ടെന്ന ചോദ്യത്തോടും അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ സ്ത്രീയുൾപ്പെടയുള്ളവരുടെ പേരുകൾ പുറത്ത് വിടാൻ കഴിയില്ലെന്നും രാമനഗര പൊലീസ് അറിയിച്ചു. സ്വാമി ബസവലിംഗ നടത്തിയ അവസാന ഫോൺ സംഭാഷണം ബ്ലാക്‌മെയിലിങ്ങിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും പൊലീസ് പറയുന്നു.
സ്വാമിയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്ന ആളുകളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുന്നതായും രാമനഗര എസ്.പി. കെ. സന്തോഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ലിംഗായത്ത് മഠാധിപതി ഉൾപ്പെട്ട നാലു വിഡിയോകളെയും കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. വിഡിയോയിൽ ഉൾപ്പെട്ട സ്ത്രീയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായും എസ്.പി. കെ. സന്തോഷ് ബാബു പറഞ്ഞു. 1997ലാണ് ബസവലിംഗ മഠാധിപതിയായി സ്ഥാനമേറ്റത്. കർണാടക രാമനഗരയിലെ കാഞ്ചുങ്കൽ ബണ്ടെയിൽ കഴിഞ്ഞ തിങ്കളാഴ് രാവിലെ പൂജാസമയം കഴിഞ്ഞിട്ടും മുറിയിൽനിന്നു സ്വാമി പുറത്തിറങ്ങാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരുവർഷത്തിനിടെ കർണാടകയിൽ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. ഡിസംബറിൽ രാമനഗരയിലെ പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതി ജീവനൊടുക്കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളായിരുന്നു ആത്മഹത്യയ്ക്കു പിന്നിൽ. കഴിഞ്ഞമാസം ബെലഗാവിയിലെ ശ്രി ഗുരുമദിവലേശ്വർ മഠത്തിന്റെ മഠാധിപതി ബസവ സിദ്ധലിംഗ സ്വാമിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കർണാടകയിലെ ചില മഠങ്ങളിൽ നടന്ന ലൈംഗികാതിക്രമ കേസുകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ ബസവ സിദ്ധലിംഗ സ്വാമിയുടെ പേര് വലിച്ചിഴച്ചതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നു അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട ശബ്‌ദ സന്ദേശം പ്രതിയോഗികൾ പ്രചരിപ്പിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യ. സ്വാമിയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നുവെങ്കിലും ഉള്ളടക്കം പുറത്തു വിട്ടിരുന്നില്ല.