പത്തനംതിട്ട: റാന്നി പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ബിജെപി കൂട്ടുകെട്ടിൽ നടപടിയുമായി കോൺഗ്രസ്. ബിജെപിയുമായി സഖ്യം ഉണ്ടാക്കിയ പഞ്ചായത്ത് അംഗങ്ങൾക്കെതിരെയാണ് നടപടി എടുത്തത്. നാല് കോൺഗ്രസ് മെമ്പർമാരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. റാന്നി പഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരി, മിനി തോമസ്, സിന്ധു സഞ്ജയൻ, മിനു ഷാജി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
രാവിലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും കൈകോർത്തതോടെ, സ്വതന്ത്ര അംഗം കെ.ആർ.പ്രകാശ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 13 അംഗങ്ങളിൽ 7 പേരുടെ പിന്തുണ, പ്രകാശിന് ലഭിച്ചു. നേരത്തെ എൽഡിഎഫ് ആയിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്. ബിജെപിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു കേരള കോൺഗ്രസിലെ ശോഭ ചാർളിയുടെ ഭരണം. എന്നാൽ ബിജെപി പിന്തുണയോടെയുള്ള ഭരണത്തിനെതിരെ സിപിഎം കടുത്ത വിമർശനം ഉന്നയിച്ചതോടെ ശോഭ ചാർളി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയായിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് – ബിജെപി പിന്തുണയോടെ കെ.ആർ.പ്രകാശ് വിജയിച്ചത്.