കൊച്ചി ∙ കുണ്ടന്നൂര്‍ ബാറിലെ വെടിവയ്പ് കേസില്‍ വിവരം മറച്ചുവച്ച ബാര്‍ ജീവനക്കാര്‍ക്കെതിരെയും അന്വേഷണം. പരാതി വൈകാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് കൊച്ചി കമ്മിഷണര്‍ സി.എച്ച്.നാഗരാജു വ്യക്തമാക്കി. വെടിയുതിര്‍ത്ത റോജന്‍ പോള്‍ വധശ്രമക്കേസിലെ പ്രതിയാണെന്നും, തോക്ക് അഭിഭാഷകന്‍ ഹറോണ്‍ ജോസഫിന്‍റേതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വധശ്രമം ഉള്‍പ്പെടെ ജാമ്യം ലഭിക്കാത്ത ഗുരുതര വകുപ്പുകളാണ് അഭിഭാഷകന്‍ ഹറോണ്‍ ജോസഫ്, സുഹൃത്ത് റോജന്‍ പോള്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒജീസ് കാന്താരിയിലെ താപ്പാനയെന്ന ലോക്കല്‍ ബാറിലായിരുന്നു വെടിവയ്പ്. പരിശോധനയിൽ ഫൊറന്‍സിക് സംഘം തിര കണ്ടെടുത്തു. തോക്ക് പ്രതികളില്‍നിന്ന് പിടികൂടിയിരുന്നു.
ലൈസന്‍സ് നിബന്ധനകളുടെ ലംഘനം ഉള്‍പ്പെടെ ആയുധ നിയമത്തിലെ വകുപ്പുകള്‍ കൂടി പ്രതികള്‍ക്കെതിരെ ചുമത്തി. മറ്റ് പ്രകോപനങ്ങളൊന്നും ഇല്ലാതെയുള്ള വെടിവയ്പ് പ്രതികളുടെ പ്രകടനമായിരുന്നെന്നു കമ്മിഷണർ വ്യക്തമാക്കി.
റോജൻ പോളിനെ ബാറിലെത്തിച്ച് തെളിവെടുത്തു. ഇയാൾക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. വധശ്രമക്കേസില്‍ ജയിലിലായിരുന്ന റോജൻ ജനുവരിയിലാണ് പുറത്തിറങ്ങിയത്. അഭിഭാഷകനോടൊപ്പം ഇയാള്‍ ബാറിലെത്താനുണ്ടായ സാഹചര്യവും പൊലീസ് അന്വേഷിക്കും. വെടിവയ്പിനു ശേഷം സ്ഥലംവിട്ട പ്രതികളെ ആലപ്പുഴയില്‍ നിന്നാണ് പിടികൂടിയത്.