കുറ്റിപ്പുറം : അലർജിക്ക് കുത്തിവെയ്പ് എടുത്തതിനെ തുടർന്ന് മരിച്ച ഇരുപത്തിയേഴുകാരിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം പുറത്തുവന്നു. നേരത്തേ കോവിഡ് സ്ഥിരീകരിച്ച യുവതിക്കു കോവിഡിന്റെയും കോവിഡ് വാക്സീന്റെയും അലർജി (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം) ബാധിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് രാസപരിശോധനാഫലം. ഇതുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം മെഡിക്കൽ ബോർഡ് കൂടിയശേഷം ഇന്നുണ്ടാകും. യുവതിക്ക് കോവിഡിനെ തുടർന്നും ഇതിനുശേഷം വാക്സീൻ എടുത്ത സമയത്തും ഹൈപ്പർ സെൻസിറ്റിവിറ്റി റിയാക്‌ഷൻ ഉണ്ടായി എന്നു റിപ്പോർട്ടിൽ പറയുന്നു. ജില്ലാ മെഡിക്കൽ ഓഫിസറുടെ കീഴിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് ആശുപത്രിയിലും മറ്റും നടത്തിയ പരിശോധനയുടെ റിപ്പോർട്ടും നിലവിലെ രാസപരിശോധനാ ഫലവും ഏകോപിപ്പിച്ചാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുക.
കുറ്റിപ്പുറം കാങ്കപ്പുഴകടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ ഹസ്ന (27) നവംബർ 27ന് ആണു മരിച്ചത്. 36 ദിവസങ്ങൾക്കുശേഷം ഇന്നലെയാണ് ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നത്.