കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിൽ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ വിശദമായ ഫൊറൻസിക് പരിശോധനയ്ക്കയക്കണമെന്ന് പ്രോസിക്യൂഷൻ. പൊന്നാമറ്റത്തിൽ ടോം തോമസ്, അന്നമ്മ, ആൽഫൈൻ, മഞ്ചാടിയിൽ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് കൂടുതൽ പരിശോധനയ്ക്കായി ഹൈദരാബാദിലെ കേന്ദ്ര ഫൊറൻസിക് ലാബിലേക്കയക്കണമെന്ന് പ്രോസിക്യൂഷൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷനൽകിയത്. പ്രതിഭാഗം എതിർത്തതിനാൽ കൂടുതൽ വാദംകേൾക്കാൻ കേസ് 25-ലേക്കുമാറ്റി. മുഖ്യപ്രതി ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസ്, രണ്ടാം ഭർത്താവിന്റെ ആദ്യഭാര്യ സിലി എന്നിവരുടെ മരണം സയനൈഡ് അകത്തുചെന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കൊലപാതകപരമ്പരയുടെ വിവരങ്ങൾ പുറത്തുവന്നശേഷം മൃതദേഹം പുറത്തെടുത്ത് രാസപരിശോധന നടത്തിയതിലാണ് സിലിയുടെ മരണകാരണവും സയനൈഡ് ഉള്ളിൽച്ചെന്നാണെന്നു കണ്ടെത്തിയത്.
എന്നാൽ മറ്റുനാലുപേരുടെയും മൃതദേഹത്തിൽ സയനൈഡിന്റെ അംശം കണ്ടെത്താനായില്ല. കോഴിക്കോട്ടുള്ളതിനേക്കാൾ ആധുനിക സൗകര്യങ്ങൾ ഹൈദരാബാദിലെ ലാബിലുണ്ടെന്നും കൂടുതൽ വിശ്വാസയോഗ്യമായ ഫലംകിട്ടാൻ അവിടത്തെ പരിശോധന സഹായിക്കുമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണിക്കൃഷ്ണൻ വാദിച്ചു.