ന്യൂഡൽഹി : ആപ്പിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷൻ കമ്മീഷൻ. ചില ആന്റി ട്രസ്റ്റ് നിയമങ്ങൾ കമ്പനി ലംഘിച്ചുവെന്ന് കാണിച്ചാണ് കമ്പനിയുടെ രാജ്യത്തെ വാണിജ്യ രീതികളെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. റ്റുഗതർ വി ഫൈറ്റ് സൊസൈറ്റി എന്ന ലാഭേതര സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കമ്പനിയുടെ ഇൻ ആപ്പ് പർച്ചേസ് സംവിധാനം ഉപയോഗിക്കാൻ ഡെവലപ്പർമാരെ നിർബന്ധിതരാക്കുന്നതിലൂടെ ആപ്ലിക്കേഷൻ വിപണിയിലുള്ള കമ്പനിയുടെ മേധാവിത്വം ആപ്പിൾ ചൂഷണം ചെയ്യുന്നുവെന്നാണ് സംഘടനയുടെ ആരോപണം.
പണം വാങ്ങിയുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾക്ക് 30% ഫീസ് ഈടാക്കുന്നതും മറ്റ് നിയന്ത്രണങ്ങളും വിപണിയിലെ ആരോഗ്യകരമായ മത്സരത്തിന് തടസമാണ്. ഇത് ആപ്പ് ഡെവലപ്പർമാരുടേയും ഉപഭോക്താക്കളുടെയും ചെലവ് വർധിക്കുകയും ഡെവലപ്പർമാരുടെ വിപണി പ്രവേശനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു. ആപ്പിളിനെതിരെയുള്ള ഈ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്നാണ് കോംപറ്റീഷൻ കമ്മീഷൻ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആപ്പിൾ പ്രതികരിച്ചിട്ടില്ല. നവംബറിൽ നൽകിയ പരാതിയിലെ ആരോപണങ്ങളെ ആപ്പിൾ നിഷേധിച്ചു. കമ്പനിയ്ക്ക് ഇന്ത്യയിൽ വിപണി പങ്കാളിത്തം 0-5 ശതമാനം മാത്രമാണെന്നും കേസ് തള്ളണമെന്നും കമ്പനി ആവശ്യപ്പെട്ടു.
എന്നാൽ വിപണി പങ്കാളിത്തവുമായി ബന്ധപ്പെട്ട ആപ്പിളിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കമ്മീഷൻ പറഞ്ഞു. ആരോപണങ്ങൾ ഡെവലപ്പർമാരെ സംബന്ധിക്കുന്നതാണെന്നും ഉപഭോക്താക്കളെയല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂണിയനിലും ഇതേ ആരോപണങ്ങൾ കമ്പനി നേരിടുന്നുണ്ട്. കഴിഞ്ഞ വർഷം അവിടെയും കമ്പനിയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവ് പുറത്തിറങ്ങി 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കമ്മീഷൻ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന നിർദേശം. സാധാരണ ഗതിയിൽ ഇത്തരം അന്വേഷണങ്ങൾ മാസങ്ങൾ നീണ്ടുനിൽക്കാറുണ്ട്. അതേസമയം ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ സമാനമായ ആരോപണങ്ങളെ തുടർന്ന് ഗൂഗിളിന്റെ ഇൻ-ആപ്പ് പേമെന്റ് സംവിധാനത്തിനെതിരെയും കോംപറ്റീഷൻ കമ്മീഷന്റെ അന്വേഷണം നടക്കുന്നുണ്ട്.