ദില്ലി: സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിനെതിരെ പ്രതിഷേധവുമായി ശോഭാ സുരേന്ദ്രന്‍. ജനങ്ങളുടെ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ട്. രണ്ടര പതിറ്റാണ്ടിലധികമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ട്. പാര്‍ട്ടിക്ക് സ്വാധീനം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടകളിൽ പോയി പ്രവർത്തിച്ചിരുന്നു. സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ വരുന്നതിൽ സന്തോഷമുണ്ടെന്നും ശോഭാ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കേണ്ടത് അധ്യക്ഷനാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുന്നുവെന്ന ആരോപണം ശോഭാ തള്ളി . ദില്ലിയില്‍ വർണറുമായി ശോഭ സുരേന്ദ്രൻ കൂടിക്കാഴ്ച്ച നടത്തി. സ്വപ്ന സുരേഷ് മന്ത്രിമാർക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച.
പതിവ് രീതികളിൽ മറികടന്ന് സൂപ്പർ താരം സുരേഷ് ഗോപിയെ സംസ്ഥാന കോർ കമ്മിറ്റിയിൽ ബിജെപി ഉൾപ്പെടുത്തിയിരുന്നു. സുരേഷ് ഗോപിയുടെ ജനപ്രീതി പരമാവധി ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കോര്‍ കമ്മിറ്റിയില്‍ എടുത്തത്. സാധാരണ നിലയിൽ സംസ്ഥാന അധ്യക്ഷനും മുൻ അധ്യക്ഷന്മാരും ജനറൽ സെക്രട്ടറിമാരും മാത്രമാണ് പാർട്ടിയുടെ ഉന്നത ഘടകമായ കോർ കമ്മിറ്റിയിലെ അംഗങ്ങൾ. ആ പതിവ് തെറ്റിച്ചത് തന്നെ സുരേഷ് ഗോപിക്ക് തുടർന്നും ഔദ്യോഗിക ചുമതല നൽകാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ്. അടുത്തിടെ കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് നടത്തിയ രഹസ്യസർവ്വേയിലും സുരേഷ് ഗോപി നയിച്ചാൽ നേട്ടമുണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്.
സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാൻ നേരത്തെ ദേശീയ നേതൃത്വം ശ്രമം നടത്തിയിരുന്നു. എന്നാൽ സിനിമകളിൽ സജീവമാകണമെന്ന് പറഞ്ഞ് താരം പിന്മാറുകയായിരുന്നു. സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രന് ഡിസംബർ വരെ കാലാവധിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോർ കമ്മിറ്റി അംഗത്തിനപ്പുറം താരത്തിന് പുതിയ റോളുകൾ കൂടി നൽകുമോ എന്നാണ് ഇനി അറിയേണ്ടത്