കോട്ടയം: കെപിപിഎല്ലിന് കടലാസ് നിർമാണത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ ഉറപ്പാക്കാൻ വനം നയത്തിൽ മാറ്റം വരുത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. കെപിപിഎല്ലിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.
അക്കേഷ്യ, യൂക്കാലി മരങ്ങൾ വെട്ടുമ്പോൾ പകരം ഫലവൃക്ഷങ്ങൾ വെയ്‌ക്കണമെന്നായിരുന്നു വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ ഫലവൃക്ഷങ്ങൾ മാത്രം പോരാ. അസംസ്‌കൃത വസ്‌തുക്കൾക്കുള്ള മരങ്ങൾകൂടി വെച്ചുപിടിപ്പിക്കാൻ വനനയത്തിൽ മാറ്റം വരുത്തും.കെപിപിഎല്ലിൽ ഉൽപാദനം തുടങ്ങിയത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്നതുകൊണ്ടാണ് ഇടതുപക്ഷ സർക്കാർ എച്ച്‌എൻഎല്ലിനെ ലേലത്തിൽ സ്വന്തമാക്കി കെപിപിഎൽ സ്ഥാപിച്ചത്. സ്ഥാപനത്തിന് വനവിഭവങ്ങൾ ലഭിക്കുന്നതിന് ക്ഷാമമുണ്ടാകില്ല. കെപിപിഎൽ എന്നത് ജനങ്ങളുടെയും തൊഴിലാളികളുടെയും സ്വത്താണെന്നും മന്ത്രി പറഞ്ഞു.