12 വയസുള്ള കുട്ടിയുടെ ടീ ഷര്‍ട്ടിന് തീയിട്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍. മാജിക് ഇഷ്ടമാണോയെന്ന് ചോദിച്ച് 12കാരനെ സമീപിച്ച മുതിര്‍ന്ന വിദ്യാര്‍ത്ഥികളാണ് കണ്ണില്ലാത്ത ക്രൂരത ചെയ്തത്. ബ്ലാക്ക് പൂളിലെ ബാന്‍ക്രോഫ്റ്റ് പാര്‍ക്ക് സ്വദേശിയായ 12 കാരനാണ് വിദ്യാര്‍ത്ഥികളുടെ വികൃതിയില്‍ ഗുരുതര പൊള്ളലേറ്റത്. നവംബര്‍ 1ന് വൈകുന്നേരമാണ് ആക്രമണം നടന്നത്.
സുഹൃത്തിനൊപ്പം കളിക്കുകയായിരുന്ന 12കാരനെ മുതിര്‍ന്ന രണ്ട് കുട്ടികള്‍ സമീപിക്കുകയായിരുന്നു. മാജിക് കാണിച്ച് തരാമെന്ന് ഇവര്‍ 12കാരനോട് പറഞ്ഞു. ഇതിന് മുന്നോടിയായി സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് 12കാരന്‍റെ ടീ ഷര്‍ട്ടിന് തീ വയ്ക്കുകയായിരുന്നു. കറുത്ത തൊപ്പിയോട് കൂടിയ ടീ ഷര്‍ട്ട് ധരിച്ച വിദ്യാര്‍ത്ഥികളാണ് 12കാരനെ സമീപിച്ചത്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ ഒരാള്‍ക്ക് ഉയരക്കൂടുതലുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞാല്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരിക്കുകയാണ് ലണ്ടന്‍ പൊലീസ് .
അക്രമം നടന്ന ബ്ലാക്ക് പൂളില്‍ പൊലീസ് പട്രോളിംഗ് കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. രണ്ട് പേരും മാസ്ക് ധരിച്ചിരിന്നുവെന്നാണ് 12കാരന്‍റെ സുഹൃത്ത് വിശദമാക്കുന്നത്. ശരീരമാസകലം പൊള്ളലേറ്റ 12കാരന്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ക്രൂരമായ തമാശ നടന്നതെന്നാണ് സംശയിക്കുന്നത്.