തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം ഉയര്‍ത്തുന്നത് സിപിഎം അറിഞ്ഞിരുന്നില്ലെന്ന് പറയുമ്പോഴും നിലവില്‍ പാര്‍ട്ടി സെക്രട്ടറിയായ എം.വി.ഗോവിന്ദന് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം പങ്കെടുത്ത മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണയ്ക്കു വന്നിരുന്നു. ഏപ്രില്‍ 20ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ട് പരിഗണനയ്ക്കു വന്നത്. ആ സമയം എക്സൈസ്, തദ്ദേശ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു എം.വി.ഗോവിന്ദന്. അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തത് ഓഗസ്റ്റ് 28നാണ്. സെപ്റ്റംബര്‍ ആദ്യവാരമാണ് എം.വി.ഗോവിന്ദന് മന്ത്രിസ്ഥാനം രാജിവച്ചത്.
2017ലാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പളഘടന അടക്കമുള്ള കാര്യങ്ങള്‍ പഠിക്കാനായി റിയാബ് ചെയര്മാന് അധ്യക്ഷനായി വിദഗ്ധ സമിതി രൂപീകരിച്ചത്. കമ്മിറ്റി 2020 നവംബര്‍ 30ന് റിപ്പോര്‍ട്ട് സമര്‍പിച്ചു. റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ ഫെബ്രുവരി 12ന് ധനകാര്യ അഡി.ചീഫ് സെക്രട്ടറി, പ്ലാനിങ് ആന്‍ഡ് എക്കണോമിക് അഫയേഴ്സ് അഡി.ചീഫ് സെക്രട്ടറി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് സെക്രട്ടറിതല കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഈ റിപ്പോര്‍ട്ടാണ് മന്ത്രിസഭ ഏപ്രില്‍ 20ന് പരിഗണിച്ചത്. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
മന്ത്രിസഭായോഗത്തില്‍വന്ന റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അറിവുണ്ടായിരുന്നു. മന്ത്രിമാരുടെ ഓഫിസുള്ളവര്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് ഒക്ടോബര്‍ 26ന് ചേര്‍ന്ന മന്ത്രിസഭയിലെ അജണ്ടകളില്‍ ഒന്നായിരുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന ഘടനയ്ക്ക് പൊതു ചട്ടക്കൂട് രൂപീകരിക്കാന്‍ തീരുമാനിച്ചതായും ഇതു സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതി ശുപാര്‍ശകള്‍ അംഗീകരിച്ചതായും മന്ത്രിസഭാ തീരുമാനങ്ങളുടെ വാര്‍ത്താക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 26 ലെ മന്ത്രിസഭ യോഗത്തില്‍ പെന്ഷന് പ്രായം കൂട്ടുന്നതിന് മന്ത്രിമാര്‍ അനുകൂല നിലപാടെടുത്തു. യുവജന സംഘടനകള്‍ ശക്തമായി രംഗത്ത് വന്നതോടെ ഉത്തരവ് മരവിപ്പിക്കേണ്ട സാഹചര്യമുണ്ടായി.