വിവാദ നൃത്ത വീഡിയോയിൽ ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിന് ക്ലീൻ ചിറ്റ്. പ്രധാനമന്ത്രി ഔദ്യോഗിക കർത്തവ്യങ്ങൾ അവഗണിക്കുകയോ ജോലിയിൽ വീഴ്ച വരുത്തുകയോ ചെയ്തിട്ടില്ലെന്ന് ഫിൻലാൻഡ് ചാൻസലർ ഓഫ് ജസ്റ്റിസ് വിശദമാക്കി. സന്ന ലഹരി ഉപയോഗിച്ചിട്ടില്ലെന്നും തെളിഞ്ഞിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നതോടെ 36കാരിയായ പ്രധാനമന്ത്രി വിവാദത്തിലായിരുന്നു. നിരോധിത മയക്കുമരുന്ന് ഉപയോഗിച്ച് കൂട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്തുവെന്നായിരുന്നു സന്നയ്ക്കെതിരെ ഉയര്‍ന്ന ആരോപണം.
ഫിന്‍ലാന്‍ഡിലെ സെലബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമെല്ലാം അടങ്ങിയ കൂട്ടത്തിനു നടുവിലായിരുന്നു പ്രധാനമന്ത്രിയുടെ നൃത്തം. വീഡിയോ വൈറലായതിന് പിന്നാലെ ഇവരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും നടന്നിരുന്നു. മയക്കുമരുന്ന് ഉപയോഗം സംബന്ധിയായ ആരോപണം രൂക്ഷമായതോടെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയാവാമെന്ന് സന്ന മരിന്‍ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റിലായിരുന്നു വിവാദമായ പാര്‍ട്ടി നടന്നത്. പാര്‍ലമെന്‍റില്‍ നിന്ന് തന്നെ രൂക്ഷമായ വിമര്‍ശനവും ഈ പദവിയില്‍ തുടരാന്‍ സന്ന യോഗ്യയാണോയെന്ന സംശയവും ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് സ്വതന്ത്ര അധികാരം നല്‍കി ഫിന്‍ലന്‍ഡ് ചാന്‍സലര്‍ ഓഫ് ജസ്റ്റിസ് ഇതിലെ നിയമ പ്രശ്നങ്ങള്‍ വിലയിരുത്താന്‍ നിയമിതനായത്. ഫിന്‍ലന്‍ഡ് ചാന്‍സലര്‍ ഓഫ് ജസ്റ്റിസിന് പരാതി നല്‍കാന്‍ സാധാരണക്കാര്‍ക്കും അധികാരം നല്‍കിയിരുന്നു. ഇവരുടേതാണ് പ്രധാനമന്ത്രി ഔദ്യോഗ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന അന്തിമ തീരുമാനം എത്തുന്നത്. പ്രധാനമന്ത്രി കൃത്യ നിര്‍വ്വഹണത്തിനിടെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഫിന്‍ലന്‍ഡ് ചാന്‍സലര്‍ ഓഫ് ജസ്റ്റിസ് തോമസ് പോയ്സ്റ്റി വ്യക്തമാക്കി. പ്രധാനമന്ത്രിക്കെതിരായ പരാതികളില്‍ ആരോപിച്ചിരുന്ന കൃത്യ നിര്‍വ്വഹണ വീഴ്ച എന്താണെന്ന് തെളിയിക്കാനായില്ലെന്നും തോമസ് പോയ്സ്റ്റി വിശദമാക്കി.
എന്നാല്‍ സ്വകാര്യ ചടങ്ങില്‍ നടന്ന വീഡിയോ പുറത്ത് വന്നതിലുള്ള അതൃപ്തി സന്ന മറിനും വ്യക്തമാക്കി. വീഡിയോ ചിത്രീകരിക്കുന്നത് അറിയാമായിരുന്നു, പക്ഷേ അത് സ്വകാര്യ ശേഖരത്തിലേക്ക് ആണെന്നായിരുന്നു ധാരണയെന്നാണ് സന്ന ഇതിനേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. മയക്കുമരുന്ന് ഉപയോഗം നടന്നോയെന്ന് അറിയാനായി നടന്ന പരിശോധനയും സന്നയ്ക്ക് അനുകൂലമായിരുന്നു. താനും മനുഷ്യനാണ്, ചില സമയങ്ങളില്‍ അമിതമായി സന്തോഷിക്കാറുണ്ട്. ആരോപണങ്ങളുടെ കാര്‍മേഘം മാറി വെളിച്ചം പുറത്തുവരുമെന്നും അവര്‍ പ്രതികരിച്ചിരുന്നു.
നിശാപാര്‍ട്ടിയുടെ വിവിധ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് തോമസ് പോയ്സ്റ്റിയുടെ തീരുമാനം എത്തിയത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന വിശേഷണത്തോടെ 2019ലാണ് സന്ന മരിന്‍അധികാരത്തിലെത്തിയത്.