മനാമ: പൊലീസുകാരനെന്ന വ്യാജേന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‍ത 34 വയസുകാരന് ബഹ്റൈനില്‍ 20 വര്‍ഷം തടവ്. കേസില്‍ നേരത്തെ പുറപ്പെടുവിച്ച വിധിക്കെതിരെ ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍, പരമോന്നത കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിനാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്.
പീഡനത്തിനിരയായ യുവതിയെയും കാമുകനെയും മനാമയില്‍ ഒരു വാഹനത്തില്‍ വെച്ച് കണ്ട പ്രതി, ഇവരെ പിന്തുടരുകയായിരുന്നു. ഇയാള്‍ പിന്തുടരുന്നത് കണ്ട് യുവാവും യുവതിയും വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് അടുത്തേക്ക് വന്ന് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ രേഖയും കാണിച്ചു. കാറിലുണ്ടായിരുന്ന 21 വയസുകാരിയായ യുവതിയോട് തന്റെ കാറിലേക്ക് വരണമെന്നും അല്ലെങ്കില്‍ കാമുകനുള്ള വിവരം വീട്ടുകാരെ അറിയിക്കുമെന്നും ഇയാള്‍ പറഞ്ഞു.
ഇതനുസരിച്ച് യുവതി ഇയാളുടെ കാറില്‍ കയറി. ഒറ്റപ്പെട്ട സ്ഥലത്തേക്ക് കാറോടിച്ച് പോയ ശേഷം അവിടെ വെച്ച് ബലാത്സംഗം ചെയ്‍തു. പീഡന ദൃശ്യങ്ങള്‍ ഇയാള്‍ തന്റെ മൊബൈല്‍ ഫോണിലും പകര്‍ത്തി. പിന്നീട് ഈ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യണമെങ്കില്‍ 500 ദിനാര്‍ വേണമെന്നാവശ്യപ്പെട്ട് ബ്ലാക് മെയിലിങ് തുടങ്ങി.
യുവതി 30 ദിര്‍ഹം നല്‍കുകയും ബാക്കി പണം മാസാവസാനം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു. ഇതിന് ശേഷമാണ് നടന്ന സംഭവങ്ങളെല്ലാം ഇവര്‍, തന്റെ അമ്മയെ അറിയിച്ചത്. പൊലീസില്‍ പരാതി നല്‍കിയത് പ്രകാരം യുവാവ് അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചായിരുന്നു ഇയാള്‍ കുറ്റകൃത്യം നടത്തിയതെന്ന് കണ്ടെത്തുകയും ചെയ്‍തു.
ബലാത്സംഗം, പൊലീസ് വേഷത്തില്‍ തട്ടിപ്പ്, മോഷണം, അശ്ലീല വീഡിയോകള്‍ കൈവശം വെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് 20 വര്‍ഷം ജയില്‍ ശിക്ഷയാണ് ഹൈ ക്രിമിനല്‍ കോടതി വിധിച്ചത്. വിധിക്കെതിരെ പ്രതി, ക്രിമിനല്‍ അപ്പീല്‍സ് കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. പിന്നീട് പരമോന്നത കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം ഈ അപ്പീലും കോടതി തള്ളി.