തിരുവനന്തപുരം: കരാർ നിയമനങ്ങൾക്ക് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടുള്ള കത്ത് തന്‍റേതല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ. കത്തിന്‍റെ ഉറവിടം അന്വേഷിക്കണം. കത്ത് വ്യാജമാണോ എന്ന് കണ്ടെത്തേണ്ടത് അന്വേഷണത്തിലൂടെ ആണെന്നും മേയര്‍ പ്രതികരിച്ചു. കത്ത് തയ്യാറാക്കുകയോ താന്‍ ഒപ്പിടുകയോ ചെയ്തിട്ടില്ല. കത്ത് ആരാണുണ്ടാക്കിയതെന്നും ഷെയര്‍ ചെയ്തതെന്നും അന്വേഷിക്കണം. കത്തിന്‍റെ ഉറവിടം അന്വേഷിക്കണം. ലെറ്റര്‍ പാഡ് വ്യാജമാണോയെന്നും അന്വേഷിക്കണം. നിയമനത്തിന് കത്ത് നല്‍കുന്ന രീതി സിപിഎമ്മിനില്ല. ഓഫീസ് ജീവനക്കാരെ സംശയിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു.
കത്ത് ആര് ഷെയര്‍ ചെയ്തു എന്നതടക്കം വിവാദത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. ലെറ്റര്‍ ഹെഡിലും ഒപ്പിലും വ്യക്തത കുറവുണ്ട്. സമൂഹ മാധ്യമത്തിൽ കത്ത് എങ്ങനെ എത്തി എന്നതിലടക്കം അന്വേഷണം വേണം. പ്രശ്നത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് ക്ലിഫ് ഹൗസിൽ നേരിട്ടെത്തി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതും ഓഫീസിലെത്തി പരാതി നൽകിയതും. അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പും നൽകിയെന്നും ആര്യ പറഞ്ഞു.
മുഖ്യമന്ത്രിയെ കാണുന്നതിന് മുൻപ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതാക്കളെ കണ്ടും മേയര്‍ നിലപാട് വിശദീകരിച്ചു. പിൻവാതിൽ നിയമനം നയമല്ലെന്ന് വ്യക്തമാക്കിയ സിപിഎം നൽകുന്നത് പൂര്‍ണ്ണ പിന്തുണയാണ്. പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാൻ കൂടിയായ ഡി ആര്‍ അനിലിനോട് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനും കൗൺസിലിലെ മുതിര്‍ന്ന അംഗവുമായ സലീമിനോടും ജില്ലാ നേതൃത്വം വിവരങ്ങളന്വേഷിച്ചു. കോര്‍പറേഷൻ ഭരണസമിതിയേയും സിപിഎമ്മിനേയും ഒരു പോലെ പ്രതിരോധത്തിലാക്കിയ കത്ത് വിവാദത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിന് പുറമെ പാര്‍ട്ടി തലത്തിലും അന്വേഷണമുണ്ടാകും. നടപടിയും വരും.