കണ്ണൂർ∙ തിരുവനന്തപുരം കോർപറേഷനിലെ തസ്തികകളിൽ പാർട്ടിക്കാരുടെ പട്ടിക തേടി മേയർ ആര്യ രാജേന്ദ്രൻ കത്ത് എഴുതിയതു ഗുരുതരമായ തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ‘‘സംഭവത്തില്‍ മേയറുടെ ന്യായീകരണങ്ങൾ ബാലിശമാണ്. പൊതുസമൂഹത്തോടു മാപ്പ് പറഞ്ഞ് രാജിവച്ച് പുറത്തു പോകണം. പാർട്ടി നേതാക്കന്മാരുടെ ബന്ധുക്കൾക്കെല്ലാം ജോലി കൊടുക്കുകയാണ്. വിവിധ തസ്തികകളിൽ ബന്ധുക്കളെ കുത്തി നിറക്കുന്നതാണ് സിപിഎം സമീപനം. ഇതിലെ ഒരു ചെറിയ ബിന്ദു മാത്രമാണ് ആര്യ രാജേന്ദ്രൻ’’ – കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
‘‘മേയർക്ക് ചെറിയ പ്രായമാണ്. തെറ്റും ശരിയും ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അതാണ് അവരുടെ ഏറ്റവും വലിയ അപകടം. ഇതിന്റെയെല്ലാം തെളിവുകൾ മാധ്യമങ്ങളുടെ കൈവശവും മറ്റു രാഷ്ട്രീയപാർട്ടികളുടെ കൈവശവും ഉള്ളപ്പോൾ ഇതു നിഷേധിക്കുന്ന ബാലിശമായ രാഷ്ട്രീയ പ്രകടനമാണ്. മുഖം രക്ഷിക്കാനുള്ള നടപടിയായിട്ടേ ഞങ്ങൾ അതിനെ കാണുന്നുള്ളൂ. അവർ കൊടുത്ത കത്തിന്റെ പകർപ്പ് എല്ലാവരുടെ കൈവശമുണ്ട്. അനിൽകുമാർ കൊടുത്തതിന്റെ പകർപ്പുമുണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും ഞാൻ സീൽ വച്ചില്ലെന്നു പറയുമ്പോൾ… പാർട്ടി സെക്രട്ടറിക്കു കൊടുത്ത കത്തിന് സീൽ വയ്ക്കണോ? ഔദ്യോഗികമായി അയയ്ക്കുന്നതിനല്ലേ സീൽ. ന്യായീകരണത്തിന്റെ മാത്രം വാദമെന്ന നിലയ്ക്കേ അതിനു ഞങ്ങൾ വില കൽപ്പിക്കുന്നുള്ളൂ.
ഗുരുതരമായ തെറ്റാണ് ചെയ്തത്. അത് ആര്യ മാത്രമല്ല, കേരളത്തിലെ സർക്കാരിന്റെ ഭാഗമാണത്. ആര്യ രാജേന്ദ്രൻ ഒരു ബിന്ദു മാത്രമാണ്. ബാക്കിയെല്ലാവരും കാടുവെട്ടിത്തെളിക്കുമ്പോൾ ഇദ്ദേഹമൊരു കുറ്റിക്കാട് തെളിക്കാൻ പോയി. അത്രയേ ഉള്ളൂ. നിഷേധിക്കുന്ന അർഥശൂന്യമാണ്. ഈ സംസ്ഥാനം അതു വിശ്വസിക്കില്ല. അതൊരു മേയർക്ക് യോജിച്ചതല്ല. രാജിവയ്ക്കണം, പൊതു സമൂഹത്തോട് മാപ്പ് പറയണം. കേരളത്തിലെ പൊലീസിന് നട്ടെല്ല് വേണം. നീതി നടപ്പാക്കാൻ ആർജവം വേണം. അതില്ലേൽ കാക്കി യൂണിഫോം അഴിച്ചുവച്ച് പോകണം’’ – കെ. സുധാകരൻ കൂട്ടിച്ചേർത്തു.