അഗർത്തല∙ കുടുംബത്തിലെ നാലുപേരെ മഴു ഉപയോഗിച്ച് പതിനേഴുകാരൻ വെട്ടിക്കൊലപ്പെടുത്തി. ത്രിപുരയിലെ ധലായ് ജില്ലയിലെ ഒറ്റപ്പെട്ട ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. മുത്തച്ഛനെയും അമ്മയെയും പ്രായപൂർത്തിയാകാത്ത സഹോദരിയെയും ബന്ധുവിനെയുമാണ് കുട്ടി കൊലപ്പെടുത്തിയത്. എല്ലാവരും ഉറങ്ങുമ്പോഴാണ് കുട്ടി മഴു ഉപയോഗിച്ച് കൊലപാതകം നടത്തിയത്. ഇതിനുശേഷം രക്ഷപ്പെട്ട കുട്ടിയെ അടുത്തുള്ള ചന്തയിൽനിന്ന് ഞായറാഴ്ച പകൽ അറസ്റ്റ് ചെയ്തു.
കുട്ടിയുടെ പിതാവ് എത്തിയപ്പോഴാണ് വീട്ടിൽ മുഴുവൻ ചോര തളംകെട്ടിനിൽക്കുന്നത് കണ്ടത്. മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. അതേസമയം, കുട്ടി ടെലിവിഷന് അടിമയായിരുന്നുവെന്നും കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന പരിപാടികൾ ആസ്വദിച്ചിരുന്നെന്നും അയൽക്കാർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സ്വന്തം വീട്ടിൽനിന്ന് കുട്ടി മോഷണം നടത്തിയിരുന്നെന്ന് ധലായ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഡോ. രമേശ് ചന്ദ്ര യാദവ് പറഞ്ഞു.കൊലപ്പെടുത്തുമ്പോൾ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ വീട്ടിൽ ഉച്ചത്തിൽ പാട്ട് വച്ചിരുന്നുവെന്നും യാദവ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.