പാലക്കാട് : അട്ടപ്പാടി മധു കേസിലെ മജിസ്റ്റീരിയൽ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. മധുവിൻ്റേത് കസ്റ്റഡി മരണമല്ലെന്നാണ് മജിസ്റ്റീരിയൽ റിപ്പോർട്ടിലെ വ്യക്തമാക്കുന്നത്. മധു മരിച്ചത് പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ ആണെങ്കിലും കസ്റ്റഡി മരണമല്ല. പൊലീസ് മർദ്ദിച്ചതിൻ്റെ യാതൊരു തെളിവുകളും ലക്ഷണങ്ങളുമില്ല. പൊലീസ് ജീപ്പിൽ കയറ്റുമ്പോൾ മധു അവശനിലയിൽ ആയിരുന്നു. മധു ഛർദ്ദിച്ചപ്പോൾ അഗളി ആശുപത്രിയിൽ എത്തിച്ചത് മൂന്ന് പൊലീസുകാരാണ്. മധുവിന് മർദ്ദിച്ചത് ആൾക്കൂട്ടമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മണ്ണാർക്കാർട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരുന്ന എം രമേശനെ ബുധനാഴ്ച വിസ്തരിക്കും. നവംബർ ഒമ്പതിനാകും രമേശനെ വിസ്തരിക്കുക.
നാല് വർഷം മുമ്പ് നടന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇത്. റിപ്പോർട്ട് ഇതുവരെ കേസ് ഫയലിനൊപ്പം ചേർന്നിട്ടില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഇതിന് പിന്നാലെ റിപ്പോർട്ട് വിളിച്ചുവരുത്താൻ കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെ ഇന്ന് രണ്ട് മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി.