ചിലര്‍ രാവിലെ എഴുന്നേല്‍ക്കാനായി അലാം വച്ച് ഉറങ്ങാൻ കിടക്കും. എന്നാല്‍ രാവിലെ സമയത്തിന് അലാം അടിച്ചാലും അതറിയാതെ ഉറക്കം തുടരും. അതല്ലെങ്കില്‍ ഉറക്കത്തില്‍ നിന്ന് സ്വാഭാവികമായി എഴുന്നേറ്റ് അലാം ഓഫ് ചെയ്ത് വീണ്ടും ഉറക്കത്തിലേക്ക് തന്നെ പോകാം.എന്നാല്‍ മറ്റ് ചിലരുണ്ട്, അലാം എപ്പോഴത്തേക്കാണോ വച്ചിരിക്കുന്നത് അതിന് അല്‍പം മുമ്പ് സ്വയം എഴുന്നേല്‍ക്കുന്നവര്‍. ഇതോടെ ഉറങ്ങാൻ കിട്ടുന്ന കുറച്ച് സമയം കൂടി പോയല്ലോ എന്നോര്‍ത്ത് നിരാശപ്പെടുന്നവരായിരിക്കും അധികപേരും.
എന്തുകൊണ്ടാണിങ്ങനെ അലാം വച്ചതിന് അല്‍പസമയം മുമ്പ് എഴുന്നേല്‍ക്കുന്നത് എന്നാലോചിച്ചിട്ടുണ്ടോ? ഇതിന് സത്യത്തില്‍ ഒരു കാരണമുണ്ടെന്നാണ് സ്ലീപ് എക്സ്പര്‍ട്ടുകള്‍ പറയുന്നത്.
നമ്മുടെ തലച്ചോറിലെ ഹൈപ്പോതലാമസിലുള്ള എസ് സി എൻ എന്ന ഭാഗമാണ് നമ്മുടെ ഉറക്കം സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ബിപി (രക്തസമ്മര്‍ദ്ദം, ശരീരത്തിന്‍റെ താപനില ) എന്നിവയെല്ലാം നിയന്ത്രിക്കുന്നതും എസ് സി എൻ ആണ്. ഈ ഭാഗം തന്നെയാണ് നമ്മളെ സമയവുമായി ബന്ധപ്പെടുത്തുന്നത്.
അതായത് നമ്മുടെ ശരീരത്തിനൊരു സമയമുണ്ട്. ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും ഉണരുന്നതിനുമെല്ലാം ഇങ്ങനെയുള്ള സമയക്രമങ്ങളെല്ലാം കൈകാര്യം ചെയ്തുപോരുന്നത് എസ് സി എൻ ആണ്. ഇതിന്‍റെ ഇടപെടല്‍ മൂലമാണ് നാം അലാം വയ്ക്കുന്നുവെങ്കിലും അതിന് മുമ്പായി എഴുന്നേല്‍ക്കുന്നത്. മിക്കവാറും ഇത് ശീലിച്ചവരില്‍ തന്നെയാണ് വീണ്ടും ഇതേ പ്രവണത കാണുക. അതായത് ഇത് ഒരു വിഭാഗം പേരില്‍ അലാം എന്ന പോലെ തന്നെ സെറ്റ് ചെയ്ത് വച്ചിരിക്കുന്ന സംഗതിയാണെന്ന് സാരം.
എല്ലാ ദിവസവും വ്യത്യസ്തമായ സമയങ്ങളില്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവരെ സംബന്ധിച്ച് ഒന്നിനും ഒരു കൃത്യതയുമുണ്ടായിരിക്കില്ല. ഇത് അവരുടെ തലച്ചോറിനെയും ബാധിക്കും. ശരീരത്തിന് സമയം നിശ്ചയിക്കാനോ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാനോ സാധിക്കാതെ വരാം. അതിനാല്‍ കഴിയുന്നതും ഭക്ഷണം- ഉറക്കം എന്നിവ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക. അങ്ങനെയെങ്കില്‍ അലാമില്ലാതെ തന്നെ സുഖമായി ഉണരാം. പക്ഷേ 7-8 മണിക്കൂര്‍ ഉറക്കം ഒരു ദിവസം ഉറപ്പിക്കണേ…