ഭോപ്പാല്‍ : മഹാത്മാഗാന്ധിക്കെതിരേ അപമാനകരമായ പരാമര്‍ശം നടത്തിയതിന് കാളീചരണ്‍ മഹാരാജ് അറസ്റ്റിലായി ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു മതനേതാവിനെതിരേയും കേസ്. വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപിതാവിനെ രാജ്യദ്രോഹി എന്ന് വിളിച്ചതിനാണ് മതനേതാവ് തരുണ്‍ മുരാരി ബാപ്പുവിനെതിരേ കേസെടുത്തത്. നര്‍സിങ്പുരില്‍ നടന്ന ഒരു പരിപാടിയിലാണ് തരുണ്‍ മുരാരി ബാപ്പു മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ മധ്യപ്രദേശ് പോലീസ് ചൊവ്വാഴ്ച കേസെടുത്തു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം സെക്ഷന്‍ 505 (2), 153 ബി എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തങ്ങള്‍ തരുണ്‍ മുരാരി ബാപ്പുവിന് നോട്ടീസ് അയച്ചതായും നര്‍സിങ്പുര്‍ പോലീസ് സൂപ്രണ്ട് വിപുല്‍ ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച നര്‍സിങ്പൂരിലെ മഹാകൗശല്‍ നഗര്‍ ഏരിയയില്‍ പ്രസംഗിക്കവെയാണ് തരുണ്‍ മുരാരി ഗാന്ധിജിക്കെതിരേ പരാമര്‍ശം നടത്തിയത്. ‘ആരെങ്കിലും രാഷ്ട്രത്തെ കഷ്ണങ്ങളാക്കിയാല്‍, അയാള്‍ എങ്ങനെയാണ് രാഷ്ട്രപിതാവാകുന്നത്? ഞാന്‍ ഇതിനെ എതിര്‍ക്കുന്നു, അയാള്‍ ഒരു ദേശദ്രോഹി ആണ്,’ എന്നാണ് തരുണ്‍ മുരാരി പ്രസംഗത്തിനിടെ പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രോഹിത് പട്ടേല്‍ നല്‍കിയ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ആദ്യം, റായ്പൂരില്‍ നടന്ന ഒരു പരിപാടിക്കിടെ രാഷ്ട്രപിതാവിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കാളീചരണ്‍ മഹാരാജിനെ മധ്യപ്രദേശില്‍ നിന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ വധിച്ചതിന് നാഥുറാം ഗോഡ്‌സെയെ കാളീചരണ്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.