ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽനിന്നു വൻതോതിൽ പണവും മദ്യവും പിടിച്ചെടുത്തെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ. ഗുജറാത്തിലും ഹിമാചലിലും വോട്ടിനായി പാർട്ടികൾ പണമൊഴുക്കുകയാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണു പുറത്തുവരുന്ന കണക്ക്. ഹിമാചലിൽ പിടിച്ചെടുത്തത് 2017ലെ തിരഞ്ഞെടുപ്പിനേക്കാൾ അഞ്ചു മടങ്ങ് കൂടുതലാണെന്നും കമ്മിഷൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങൾക്കകം ഗുജറാത്തിൽനിന്ന് 71.88 കോടി രൂപയാണു പിടിച്ചെടുത്തത്. 2017ൽ ഗുജറാത്തിൽ ആകെ പിടിച്ചെടുത്തത് 27.21 കോടിയായിരുന്നു. ഇതിനെ വെല്ലുന്നതരത്തിലാണ് ഇത്തവണ പണമൊഴുക്ക്. ഹിമാചലിലും വോട്ടിനായി വ്യാപകമായി കാശിറക്കുന്നുണ്ട്. 5 വർഷം മുൻപത്തെ തിരഞ്ഞെടുപ്പിൽ പിടിച്ചെടുത്തത് 9.03 കോടി രൂപയായിരുന്നത് ഇത്തവണ 50.28 കോടിയായി ഉയർന്നു.
17.18 കോടിയുടെ കറൻസി, 17.5 കോടി രൂപ വിലയുള്ള മദ്യം, 1.2 കോടിയുടെ ലഹരി, 41 ലക്ഷത്തിന്റെ സമ്മാനങ്ങൾ എന്നിങ്ങനെയാണ് നവംബർ 10 വരെ ഹിമാചലിൽനിന്നു പിടിച്ചെടുത്തത്. ഗുജറാത്തിൽനിന്ന് 64.56 കോടിയുടെ സൗജന്യ സമ്മാനങ്ങൾ പിടിച്ചെടുത്തു. 3.86 കോടിയുടെ മദ്യം, 94 ലക്ഷത്തിന്റെ ലഹരി, 66 ലക്ഷത്തിന്റെ കറൻസി എന്നിവയും ഗുജറാത്തിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് ഹിമാചലിൽ വോട്ടെടുപ്പ്. ഡിസംബർ 1, 5 തീയതികളിലാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ്. രണ്ടിടത്തും ഡിസംബർ എട്ടിനാണു വോട്ടെണ്ണൽ.