പാലക്കാട്: വ്യാജ മെയില്‍ ഐഡി ഉപയോഗിച്ച് പാലക്കാട്സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ വിനോദ് കുമാര്‍,അനൂജ് ശര്‍മ്മ എന്നിവരെയാണ് പിടികൂടിയത്.
പാലക്കാട് നഗരത്തിലെ പ്രമുഖ കാർ ഡീലർ ഷോറൂമിൻ്റെ ജീവനക്കാർ എന്നു പരിചയപ്പെടുത്തിയാണ് പ്രതികളായ വിനോദ് കുമാറും അനൂജ് ശർമ്മയും എസ്.ബി.ഐയിൽ എത്തിയത്. വ്യാജ ഇമെയിൽ അഡ്രസ് ഉപയോഗിച്ച് സ്ഥാപനത്തിൻ്റെ പണം പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റി നിമിഷങ്ങൾക്കകം പിൻവലിക്കുന്നതായിരുന്നു ഇവരുടെ രീതി. ബാങ്ക് മാനേജറുടെ പരാതിയിലാണ് ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പ്രതികളുടെ ഫോൺ നമ്പറുകളും പണം ട്രാൻസ്ഫർ ചെയ്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും പരിശോധിച്ചു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ദില്ലി , ഉത്തർപ്രദേശ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് എന്ന് കണ്ടെത്തി. തുടർന്ന് പാലക്കാട് നിന്നുള്ള പോലീസ് സംഘം ദില്ലി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിൽ എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് .ഇത്തരം തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസിൻ്റെ നിഗമനം. കൂടുതൽ സ്ഥാപനങ്ങളെയും ബാങ്കുകളെയും പ്രതികൾ ഇതേ രീതിയിൽ തട്ടിപ്പിൽ കുടുക്കിയതായും സൂചനയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.