തിരുവനന്തപുരം : രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്തു കേസില്‍ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുന്‍പുതന്നെ എം.ശിവശങ്കറിനെ സർവീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് പുറത്തുകൊണ്ടു വരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കർ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും ഇഡിയും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇപ്പോഴും പ്രതിയാണ്. ലൈഫ് തട്ടിപ്പ് കേസിലാകട്ടെ അന്വേഷണം പൂര്‍ത്തിയിയിട്ടുമില്ല. അങ്ങനെ പ്രതിയായി നില്ക്കുന്ന ഒരാളെയാണ് തിടുക്കത്തില്‍ ചീഫ് സെക്രട്ടറിയുടെ സമിതിയെക്കൊണ്ട് ഒരു റിപ്പോര്‍ട്ട് എഴുതി വാങ്ങിച്ചിട്ട് സർവീസിൽ തിരിച്ചെടുക്കുന്നത്.
കോടതി ഈ കേസുകള്‍ പരിഗണിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ. കോടതി തീര്‍പ്പ് കൽപ്പിക്കുന്നതിന് മുന്‍പുതന്നെ സര്‍ക്കാര്‍ പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. ഇതുവഴി എന്തു സന്ദേശമാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ശിവശങ്കറിന്റെ സസ്പെന്ഷന് നീട്ടാമായിരുന്നു. നിയമപരമായി സര്‍ക്കാരിന് അതിനുള്ള അധികാരമുണ്ട്. എന്നാല്‍ കുറ്റാരോപിതനെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത ഈ കേസിലെ കള്ളക്കളികളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.– ചെന്നിത്തല പറഞ്ഞു.