വാഷിംഗ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടി ഭൂരിപക്ഷം ഉറപ്പിച്ചു. ഫലം വരാനിരുന്ന നെവാഡ സംസ്ഥാനത്തിൽ ഡെമോക്രാറ്റ് സ്ഥാനാർഥി വിജയിച്ചതോടെയാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. 100 അംഗങ്ങളുള്ള സെനറ്റിൽ 50-49 എന്ന നിലയിൽ ഡെമോക്രാറ്റുകൾക്കാണ് മുൻതൂക്കം. നൂറ് അംഗങ്ങൾ ഉള്ള സെനറ്റിൽ ആകട്ടെ 35 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിയമ നിർമാണത്തിൽ സെനറ്റിന്റെ അധ്യക്ഷയായ വൈസ് പ്രസിഡന്റ് കമല ഹാരിസ് കാസ്റ്റിംഗ് വോട്ട് ചെയ്യും. ഇനി ഫലം വരാനിരിക്കുന്ന ജോർജിയ സംസ്ഥാനത്ത് വീണ്ടും ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കും.
36 അമേരിക്കൻ സംസ്ഥാനങ്ങളിൽ ഗവർണർ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഇവിടെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് മുൻതൂക്കം. പ്രസിഡന്‍റ് ജോ ബൈഡനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഒപ്പം തന്നെ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തിരിച്ചുവരവിന് സാധ്യതയുണ്ടോ എന്നതും തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും. വരുന്ന തിങ്കളാഴ്ച വലിയൊരു പ്രഖ്യാപനം നടത്തുമെന്ന് ഡൊണാല്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2024 ല്‍ നടക്കാനിരിക്കുന്ന യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്ന കാര്യമായിരിക്കും ട്രംപ് പ്രഖ്യാപിക്കുക എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകണമായിട്ടില്ല.