ബിജ്‌നോർ: ഫേസ്ബുക്ക് കാമുകനെ കാണാൻ ഹൈദരാബാദിൽനിന്ന് ഉത്തർപ്രദേശിലെത്തിയ 25കാരിക്ക് ദയനീയ മരണം. യുപിയിലെ അംറോഹ ജില്ലയിലെ സെക്യൂരിറ്റി ഏജൻസി ഓഫീസിൽ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് 25കാരിയെ കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് ശേഷം, പെയിന്റ് കട നടത്തുന്ന 36 കാരനായ മുഹമ്മദ് ഷെഹ്‌സാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയതായി ഷെഹ്‌സാദ് കുറ്റസമ്മതം നടത്തി.
ഹൈദരാബാദ് സ്വദേശിയയായ സൽമ (യഥാർഥ പേരല്ല) ഒമ്പത് മാസം മുമ്പാണ് സോഷ്യൽ മീഡിയയിൽ ഷെഹ്‌സാദുമായി സൗഹൃദത്തിലായി. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ യുവതി ഷെഹ്‌സാദിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. നവംബർ 8 ന് ഷെഹ്‌സാദിനെ കാണാൻ സൽമ ഹൈദരാബാദിൽ നിന്ന് പുറപ്പെട്ടു. സൽമയുടെ പിതാവും വിവാഹം കഴിക്കാൻ ഷെഹ്‌സാദിനെ നിർബന്ധിച്ചു. എന്നാൽ, യുവാവ് വിവാഹ ആവശ്യത്തെ എതിർത്തു. യുപിയിലെത്തിയ യുവതിയുമായി ഷെഹ്സാദ് വാക്കുതർക്കം ഉണ്ടാകുകയും പ്രകോപിതനായ ഷെഹ്‌സാദ് ഇഷ്ടിക കൊണ്ട് അവളുടെ തലയിൽ ഇടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെയിന്റ് കടയ്ക്ക് സമീപമുള്ള സുരക്ഷാ ഏജൻസിയുടെ ഓഫീസിലാണ് മൃതദേഹം ഉപേക്ഷിച്ചത്.
ഐഡി കാർഡിന്റെ സഹായത്തോടെയാണ് യുവതിയെ തിരിച്ചറിഞ്ഞതെന്ന് അംറോഹ എസ്പി, ആദിത്യ ലാംഗേ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെയാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതിക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷെഹ്സാദ് സ്ഥിരം മദ്യപാനിയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭാര്യ വിവാഹമോചനം നേടിയിരുന്നു. യുവതിയുടെ കുടുംബം ഇപ്പോൾ അംറോഹയിലേക്കുള്ള യാത്രയിലാണ്. അതേസമയം, ലൈംഗികാതിക്രമം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കേസിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും എസ്പി പറഞ്ഞു.