ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈയിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവള്ളൂർ, മധുര, ശിവഗംഗ, കാഞ്ചീപുരം തുടങ്ങി വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു.
ഡിണ്ടിഗൽ, തേനി, രാമനാഥപുരം ജില്ലകളിൽ കാലാവസ്ഥ വകുപ്പ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ വൈഗ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. 4,230 ഘനയടി ജലം പുറത്തേക്ക് ഒഴുക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ അത് തീവ്ര ന്യൂനമർദമായി തെക്കൻ സംസ്ഥാനത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി.
ചെന്നൈയിൽ 8.4 സെന്റീമീറ്റർ മഴയാണ് നവംബർ ഒന്നിന് രേഖപ്പെടുത്തിയത്. 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് ഇവിടെ പെയ്തത്.
അതേ സമയം ഒക്ടോബർ 29ന് തമിഴ്‌നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ ആരംഭിക്കുമെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.