ന്യൂഡൽഹി ∙ സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന് അടുത്തിടെ വിരമിച്ച ചീഫ് ജസ്റ്റിസ് യു.യു.ലളിത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേസിലെ പ്രധാന അഭിഭാഷകൻ രാം ജഠ്മലാനി ആയിരുന്നതിനാൽ അത് അപ്രസക്തമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ഞാൻ ഈ വിഷയത്തിൽ വിശദീകരണം നൽകിയിരുന്നു. ആ കേസിലെ പ്രധാന അഭിഭാഷകനായിരുന്നില്ല. അമിത് ഷായുടെ കൂട്ടുപ്രതികൾക്ക് വേണ്ടിയാണ് ഹാജരായത്.’’– അദ്ദേഹം പറഞ്ഞു.
2014 ഓഗസ്റ്റിൽ ജഡ്ജിയാകുന്നതിന് മുൻപ്, യു.യു.ലളിത് നിരവധി വിവാദ കേസുകളിൽ അഭിഭാഷകനായിരുന്നു. സൊഹ്‌റാബുദ്ദീൻ ഷെയ്ഖ്, ഭാര്യ കൗസർബി, കൂട്ടാളി തുളസിറാം പ്രജാപതി എന്നിവരുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ മറച്ചുവച്ചുവെന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള അന്നത്തെ ഗുജറാത്ത് സർക്കാരിനെതിരെ ആരോപണമുയർന്നിരുന്നു. ഈ കേസിൽ, അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായുടെ അഭിഭാഷകനായിരുന്നു ലളിത്.