യുവജനോത്സവ വേദിയില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയ താരമാണ് അമ്പിളി ദേവി. സിനിമയിൽ ആദ്യം സഹോദരീ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അമ്പിളി സീരിയലുകളിലും വേഷമിട്ടിരുന്നു. അഭിനയത്തിനൊപ്പം നൃത്തവും താരം ചേര്‍ത്തു നിര്‍ത്തി. അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോഴും ക്ലാസുകളുമൊക്കൊയി ഡാന്‍സ് രംഗത്ത് സജീവമായിരുന്നു താരം. തന്റെ സുഖവും ദുഖവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അമ്പിളി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴാകട്ടെ ഇൻസ്റ്റഗ്രാം പേജിലും യുട്യൂബ് ചാനലിലുമായാണ് താരം വിശേഷങ്ങള്‍ പങ്കിടുന്നത്.
ലൊക്കേഷനിൽ നിന്നുള്ള ഡബ് മാഷ് വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ അമ്പിളി പുതിയതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹതാരങ്ങളും കൂടെയുണ്ട്. സദാനന്ദന്റെ സമയമെന്ന സിനിമയിലെ തമാശ രംഗത്തിനൊപ്പമാണ് മൂവരുടെയും അഭിനയം. യദു കൃഷ്ണയും സനു രാജുമാണ് ഒപ്പം അഭിനയിക്കുന്നത്. ചിലങ്കയാണ് വീഡിയോ പകർത്തിയിരിക്കുന്നതെന്നും താരം വീഡിയോയ്ക്ക് താഴെ സൂചിപ്പിച്ചിട്ടുണ്ട്. താരങ്ങളായ നവീൻ അറയ്ക്കലും, ചിലങ്കയും, സനുരാജുമെല്ലാം വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. നിരവധി പേരാണ് താരങ്ങളുടെ അഭിനയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എല്ലാവരുടെയും പ്രകടനം വീഡിയോയിലെ പോലെ തന്നെ സീരിയലിലും മികച്ചതാണെന്നാണ് ഒരു കമന്റ്. ഇതെല്ലാം കാണുമ്പോഴാണ് ഒരു ആശ്വാസം എന്നായിരുന്നു മറ്റൊരു പ്രതികരണം.
മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ചും കരുതലിനെക്കുറിച്ചുമൊക്കെ വാചാലയായി താരം വീഡിയോ പങ്കുവച്ചിരുന്നു. വ്യക്തി ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികളില്‍ താങ്ങായത് അച്ഛനും അമ്മയും സഹോദരിയും സുഹൃത്തുക്കളുമായിരുന്നുവെന്ന് അമ്പിളി പറഞ്ഞു. അമ്പിളിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ സമൂഹമാധ്യമളിലൂടെ വലിയ ചർച്ചക്ക് ഇടവെച്ചിരുന്നു. ഇതിൻ്റെ പേരിൽ കുറേ വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നു. എന്നാൽ നിരവധി പ്രേക്ഷകർ അമ്പിളിയെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം തുമ്പപ്പൂവ് എന്ന പരമ്പരയിലൂടെ ആയിരുന്നു താരത്തിന്റെ മടങ്ങിവരവ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. അമ്പിളിക്ക് 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും ലഭിച്ചിട്ടിട്ടുണ്ട്.