തിരുവനന്തപുരം: താൻ ദില്ലിയ്ക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കലേക്ക് സർക്കാരിന്റെ ഒരു ഓർഡിനൻസും എത്തിയിരുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് എത്ര തവണ പറയമെന്ന് തനിക്കറിയില്ല. കിട്ടാത്ത കാര്യത്തെ കുറിച്ച് എനിക്ക് പറയാൻ കഴിയില്ല. കോടതി ഉത്തരവുകളെ ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യുക നമ്മുടെ ചുമതലയാണ്. ഇത് വ്യക്തിപരമായ യുദ്ധമല്ല. എനിക്കാരോടും വ്യക്തിപരമായ ശത്രുതയില്ല. എന്നാൽ ചാൻസലർ എന്ന നിലയിൽ താൻ തീർത്തും അസ്വസ്ഥനാണ്. രാഷ്ട്രീയ ഇടപെടൽ ശക്തമായിരുന്നു. നിയമവിരുദ്ധമായി സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ ആർക്കും കഴിയില്ല. സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവർണർക്കാണ്. സർക്കാരിനെ നയിക്കേണ്ട ചുമതല തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനും. ആരെങ്കിലും ദിവസവും സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെടുകയാണെങ്കിൽ സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഞാനെന്റെ അധികാര പരിധിയിലും നിങ്ങൾ നിങ്ങളുടെ അധികാര പരിധിക്കകത്തും പ്രവർത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു.