കുമളി: ഒട്ടകത്തലമേട്ടിലെ ആനസവാരി കേന്ദ്രത്തിൽ ആന ചരിഞ്ഞു. വിനോദ സഞ്ചാരികളെ കയറ്റി സവാരി നടത്തിയിരുന്ന 43 വയസ്സ് പ്രായമുള്ള പിടിയാനയാണ് തിങ്കളാഴ്ച രാത്രി ചരിഞ്ഞത്. ആനയുടെ ഗർഭപാത്രത്തിലെ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഒട്ടകത്തലമേട്ടിലെ കൽപ്പ വനം ആനസവാരി കേന്ദ്രത്തിലാണ് സംഭവം. വിവരം അറിഞ്ഞ് സോഷ്യൽ ഫോറസ്ട്രി കോട്ടയം ഡിവിഷൻ ഡി.എഫ്. ഒ വിപിൻദാസ്, റേഞ്ച് ഓഫിസർ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരുടെ സംഘം സ്ഥലത്തെത്തി വിശദ പരിശോധന നടത്തി.കോട്ടയത്തുനിന്ന് ഒരു വർഷം മുമ്പാണ് പിടിയാനയെ ആനസവാരി കേന്ദ്രത്തിലെത്തിച്ചതെന്നും ഒരാഴ്ചയായി അവശനിലയിലായ ആനയെ ചികിത്സിച്ചു വരികയായിരുന്നെന്നും ഡി.എഫ്.ഒ വിപിൻദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ചരിഞ്ഞ പിടിയാനയുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള മൈക്രോ ചിപ്പ് പുറത്തെടുത്ത് നശിപ്പിക്കുകയും തേറ്റ ഉൾപ്പെടെ അവശിഷ്ടങ്ങൾ ശേഖരിക്കുകയും ചെയ്യും. നാട്ടാന പരിപാലനത്തിന്‍റെ ഭാഗമായി വനം വകുപ്പാണ് ആനകൾക്ക് മൈക്രോ ചിപ്പ് ഘടിപ്പിച്ചിട്ടുള്ളത്. ചരിഞ്ഞ ആനയുടെ മൈക്രോ ചിപ്പ് മറ്റ് ആനയിൽ ഘടിപ്പിക്കാതിരിക്കാനാണ് നശിപ്പിക്കുന്നത്.
ആനയുടെ ജഡം മുരുക്കടിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി സംസ്കരിച്ചു. പോസ്റ്റുമോർട്ടത്തിന് ഡോക്ടർമാരായ ബിനു ഗോപിനാഥ്, അനുമോദ്, അനുരാജ് എന്നിവർ നേതൃത്വം നൽകി.