ന്യൂഡൽഹി: ശിവസേനയുടെ ചിഹ്നവും പേരും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി.
അമ്പും വില്ലും ചിഹ്നം ഉപയോഗിക്കുന്നതിൽ ഉടൻ തീരുമാനമുണ്ടാകേണ്ടത് ശിവസേനയുടെ ഇരു വിഭാഗങ്ങൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ താല്പര്യമുള്ള കാര്യമാണെന്നും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തീരുമാനമെടുക്കണമെന്നും ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് നറുല പറഞ്ഞു.
ഒക്ടോബർ എട്ടിനാണ് അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പിൽ ശിവസേനയുടെ അമ്പും വില്ലും ചിഹ്നവും പേരും ഉപയോഗിക്കുന്നതിൽ നിന്ന് ഷിൻഡെ, താക്കറെ പക്ഷങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയത്. ഇതിനെതിരെ കഴിഞ മാസമാണ് ഉദ്ധവ് താക്കറെ ഹൈകോടതിയെ സമീപിച്ചത്.
1966ൽ തന്റെ പിതാവ് ബാൽ താക്കറെ ശിവസേന സ്ഥാപിച്ചതു മുതൽ പാർട്ടി ചിഹ്നം തങ്ങളുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് താക്കറെ ഹരജിയിൽ പറഞ്ഞിരുന്നു.