തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം. തിരുവനന്തപുരം പള്ളിപ്പുറത്ത് നാലംഗസംഘം വീടുകളിൽ അതിക്രമിച്ച് കയറി പാതിരാത്രി ഭീഷണിമുഴക്കി. കുട്ടികളുടെ കഴുത്തിൽ കത്തിവെച്ച് സ്വർണവും പണവും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പിടികിട്ടാപ്പുള്ളിയായ ഷാനുവെന്ന് വിളിക്കുന്ന ഗുണ്ട ഷാനവാസിന്റെ നേതൃത്വത്തിലാണ് അതിക്രമം നടന്നത്. പ്രദേശത്തെ നിരവധി വീടുകളിൽ സംഘം ഭീഷണി മുഴക്കിയതായി പോലീസിന് പരാതി ലഭിച്ചു. മംഗലപുരം പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. നിരവധി വീടുകളിൽ ആയുധവുമായി അതിക്രമിച്ച് കയറി സംഘം ഭീഷണിമുഴക്കിയതായാണ് റിപ്പോർട്ട്.
ഇതിൽ രണ്ട് വീട്ടുകാരാണ് മംഗലപുരം പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ഒരു വീട്ടിൽ കയറി അമ്മയുടേയും കുട്ടിയുടേയും കഴുത്തിൽ കത്തിവെച്ച ശേഷമായിരുന്നു ഷാനവാസിന്റെ നേതൃത്വത്തിൽ അതിക്രമം നടന്നത്. എന്നാൽ ഈ വീട്ടുകാർ പരാതി നൽകിയിട്ടില്ല. കുറച്ചുനാൾ മുൻപ് പള്ളിപ്പുറത്തെ ഒരു മൊബൈൽ ഷോപ്പിൽ കയറി അന്യസംസ്ഥാന തൊഴിലാളിയെ യാതൊരു പ്രകോപനവുമില്ലാതെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ഷാനവാസ്. ഇന്നലെ അതിക്രമം കാണിച്ച വീടുകളിലെ ആരുമായും ഷാനവാസിന് ഒരു തരത്തിലുള്ള വ്യക്തവൈരാഗ്യമോ മുൻപ് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ നടന്നതായി പ്രാഥമികമായി വിവരമില്ല. വീടുകളുടെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്താണ് അതിക്രമം കാട്ടിയത്.
വെട്ടുകത്തിയുമായി എത്തി അസഭ്യം പറയുകയും വാതിൽ തുറക്കാൻ നിർബന്ധിക്കുകയും ചെയ്തെന്ന് പരാതി നൽകിയ വീട്ടുടമകളിൽ ഒരാൾ പറയുന്നു. നിരവധി വീടുകളിൽ എത്തി അതിക്രമം കാണിച്ചെങ്കിലും രണ്ട് വീട്ടുകാർ മാത്രമാണ് പോലീസിൽ പരാതി നൽകിയത്. മറ്റ് വീട്ടുകാർ പരാതി നൽകാൻ തയ്യാറായിട്ടില്ല. അതിക്രമത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും കുട്ടികളുൾപ്പെടെ ഭീതിയിലാണ്. പരാതി നൽകിയാൽ ഷാനവാസും സംഘവും പ്രതികാരവുമായി വീണ്ടും എത്തുമോ എന്നു ഭയന്നാണ് പരാതി നൽകുന്നതിൽ നിന്ന് പലരും വിട്ട് നിൽക്കുന്നത്. കുട്ടിയുടേയും അമ്മയുടേയും കഴുത്തിൽ കത്തിവെച്ച വീട്ടുകാരുടെ പരാതി എഴുതി വാങ്ങാനും മൊഴി രേഖപ്പെടുത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.