കണ്ണൂർ : ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശങ്ങളാൽ വിവാദത്തിലായ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ. നെഹ്റുവിനെ തള്ളിപ്പറഞ്ഞ് ആർ എസ് എസിനെ ന്യായീകരിക്കുന്ന സുധാകരൻ കോൺഗ്രസിന്റെ അന്തകനെന്നാണ് കണ്ണൂർ ഡിസിസി ഓഫീസ് റോഡിൽ സ്ഥാപിച്ച പോസ്റ്ററിലുള്ളത്. സേവ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്ന പേരിലാണ് ഡിസിസി ഓഫീസ് റോഡിൽ ബോർഡ് സ്ഥാപിച്ചത്. എന്നാൽ കൂടുതൽ ശ്രദ്ധ ലഭിച്ചതോടെ ബോർഡ് പിന്നീട് അപ്രത്യക്ഷമായി.
ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനക്ക് പിന്നാലെ ആർഎസ്എസിന്റെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി സുധാകരന്റെ ഭാഗത്ത് നിന്നുമുണ്ടായത് കോൺഗ്രസിന് വലിയ ആഘാതമാണുണ്ടാക്കിയത്. സുധാകരന്റെ മൃതു ആർഎസ്എസ് സമീപനം യുഡിഎഫിനുള്ളിലും വലിയ തോതിൽ വിമർശനം സൃഷ്ടിച്ചു. മുസ്ലിം ലീഗടക്കമുള്ള ഘടകകക്ഷികളും സുധാകരനെതിരെ രംഗത്തെത്തി.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം കൈവിട്ടതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ തനിക്കെതിരായ പടയൊരുക്കം ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷ പദം ഒഴിയാനുള്ള സന്നദ്ധത കെ സുധാകരന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. പാര്‍ട്ടിയും പ്രതിപക്ഷ നേതാവും രണ്ട് ദിശയിലാണ് നീങ്ങുന്നതെന്ന് രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ കെ സുധാകരന്‍ വ്യക്തമാക്കി. ഘടകകക്ഷികള്‍ പരസ്യ വിമർശനവുമായി രംഗത്ത് വരുന്നതിന് പിന്നിലും പാര്‍ട്ടിയിലെ അനൈക്യം കാരണമാണ്. മാത്രമല്ല ആരോഗ്യപ്രശ്നങ്ങളും ഒരു പരിധി വരെ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് സുധാകരന്‍ സൂചിപ്പിച്ചതായാണ് വിവരം. കത്ത് വിവാദമായതോടെ കത്തയച്ചിട്ടില്ലെന്ന് സുധാകരന്‍ വാര്‍ത്താ കുറിപ്പിറക്കി. ഭാവനാ സൃഷ്ടി മാത്രമാണെന്നാണ് സുധാകരന്‍റെ പ്രതികരണം. പക്ഷേ കത്ത് വിവാദം കൂടി ഉയർന്നതോടെ സതീശനോട് ഇടഞ്ഞ് നിൽക്കുന്ന രമേശ ് ചെന്നിത്തല സുധാകരന് പിന്തുണച്ച് രംഗത്തെത്തി. ഇതോടെ രംഗം മാറുന്നുവെന്ന് മനസിലാക്കി സതീശനും അയഞ്ഞു.