കണ്ണൂർ : ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് ബീച്ചിൽ കറുകമ്മാട്ടുള്ള നാലകത്ത് ഷെമീറിനെ(30)യാണ് കണ്ണൂർ അസി. കമ്മിഷണർ പി.പി.സദാനന്ദൻ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ലോങ്റീച്ച് ടെക്നോളജീസെന്ന പേരിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പേരിൽ നടത്തിയ പദ്ധതിയിലേക്കാണ് ആൾക്കാരിൽ നിന്ന് പണം പിരിച്ചെടുത്തത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ 1300 കോടി പിരിച്ചെടുത്തതിനുള്ള തെളിവുകൾ ലഭിച്ചു. എന്നാൽ ഈ പേരിൽ രജിസ്ട്രാർ ഓഫ് കമ്പനീസിൽ കമ്പനി രജിസ്റ്റർ ചെയ്തിട്ടില്ല. ബിഗ്റോക്ക് എന്നപേരിൽ കോയമ്പത്തൂരിലുള്ള ഹോസ്റ്റിങ് കമ്പനിയാണ് എൽ.ആർ. ട്രേഡിങ്ങിന്റെയും മോറിസ് കോയിനിന്റെയും വെബ്സൈറ്റ് നിലനിർത്തുന്നത്.
ഇതിനിടെ ആദ്യകാല നിക്ഷേപകരുടെയും കമ്പനിയുടമ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി നിഷാദിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടാൻ പോലീസ് നടപടി തുടങ്ങി. ഇതിനകം 45 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. വിവിധ ഇന്റർനെറ്റ് മണി പേമെന്റ് ഗേറ്റ്വേ വഴിയാണ് ആദ്യകാല നിക്ഷേപകർക്ക് പണം വിതരണം ചെയ്തതെന്നും കണ്ടെത്തി. തട്ടിപ്പ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയതിന്റെ മുഖ്യസൂത്രധാരൻ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മുഹമ്മദ് നിഷാദ് വിദേശത്തേക്ക് കടന്നു. ഒരാഴ്ച മുൻപ് ചാലാട് പഞ്ഞിക്കൽ റഷീദ മൻസിലിൽ മുഹമ്മദ് റനീഷിനെ (33) നെ അറസ്റ്റ് ചെയ്തിരുന്നു. റനീഷിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ കോടികളുടെ അനധികൃത ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. കാസർകോട് ആലമ്പാടിയിലെ പി.മുഹമ്മദ് റിയാസ് (31), കോഴിക്കോട് എരിഞ്ഞിക്കലിലെ വസിം മുനവറലി (25), മഞ്ചേരി പുളയറമ്പിലെ സി.ഷഫീഖ് (30), മലപ്പുറം വണ്ടൂരിലെ മുഹമ്മദ് ഷഫീഖ് (28) എന്നിവർ കഴിഞ്ഞമാസം അറസ്റ്റിലായി.
ലോങ്റീച്ച് ടെക്നോളജീസിൽ നിക്ഷേപം നടത്തുന്നവർക്ക് ദിവസവും രണ്ടുമുതൽ അഞ്ചുശതമാനംവരെ പലിശയും ക്രിപ്റ്റോ കറൻസിയും വാഗ്ദാനംചെയ്ത് കോടികൾ പിരിച്ചെടുത്തതായാണ് കേസ്. മണി ചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ബാക്കിയുള്ള 36 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്. സാങ്കേതികവിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലപ്പെടുത്തിയതായി എ.സി.പി. പി.പി.സദാനന്ദൻ പറഞ്ഞു.