അലിപുർദർ: 13 വർഷം പഴക്കമുള്ള കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് അറസ്ററ് വാറന്റ്. പശ്ചിമ ബംഗാളിലെ അലിപുർദർ കോടതിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക്കെതിരെ അറസ്റ്റ് വാറന്റ് പുപ്പെടുവിച്ചത്. രണ്ട് ജ്വല്ലറികളിലെ മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറന്റ്. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
മന്ത്രിയെ കൂടാതെ മറ്റൊരു പ്രതിക്ക് എതിരെയും നവംബർ 11ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ പ്രതി കേസിൽ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും മന്ത്രിയുടെ ഭാഗത്തു നിന്ന് മറ്റു നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.
ജ്വല്ലറി ഷോപ്പുകൾ തകർക്കുകയും മോഷണം നടത്തുകയും ചെയ്തുവന്നകേസിലാണ് നിഷിത് പ്രമാണിക് പ്രതിയായിട്ടുള്ളത്. 2009ലാണ് ബിർപാരയിലെയും അലിപുർദർറെയിൽ വേ സ്റ്റേഷന് സമീപത്തെയും ജ്വല്ലറികൾക്കെതിരെ അക്രമണം നടന്നത്. കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് നേരത്തെയും ഇദ്ദേഹത്തിനെതിരെ അറസ്ററ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അന്ന് അദ്ദേഹം കോടതിയിൽ ഹാജരായി.
കൂച്ച് ബിഹാർ ജില്ലയിൽ നിന്നുള്ള എം.പിയാണ് നിഷിത്. നവംബർ മൂന്നിന് കൂച്ച് ബിഹാറിൽ ഇദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് മന്ത്രി വാർത്തകളിൽ ഇടം പിടിച്ചിരുന്നു.