നമ്മള്‍ ഏത് ഭക്ഷണമുണ്ടാക്കിയാലും അതിലെല്ലാം നിര്‍ബന്ധമായും ചേര്‍ക്കുന്നൊരു ചേരുവയാണല്ലോ ഉപ്പ്. പാചകത്തില്‍ അവിഭാജ്യഘടകമാണ് ഉപ്പ് എന്നും പറയാം. ഉപ്പില്ലെങ്കില്‍ മറ്റ് രുചികളൊന്നും അറിയാതെ പോകാം. എന്നാല്‍ ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് അത്ര നന്നല്ല. പ്രത്യേകിച്ച് രക്തസമ്മര്‍ദ്ദമുള്ളവരാണെങ്കില്‍ ഉപ്പ് പരിമിതമായ അളവിലേ ഉപയോഗിക്കാവൂ. ഇത് മാത്രമല്ല ഉപ്പ് അളവിലും അധികം ഉപയോഗിക്കുന്നത് മറ്റൊരു പ്രശ്നത്തിനും കൂടി കാരണമാകുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. എഡിൻബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ‘കാര്‍ഡിയോവാസ്കുലാര്‍ റിസര്‍ച്ച്’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
ദിവസവും മുതിര്‍ന്ന ഒരാള്‍ ആറ് ഗ്രാമില്‍ കുറവ് ഉപ്പേ ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ മിക്കവരും ദിവസത്തില്‍ 9 ഗ്രാം ഉപ്പെങ്കിലും ഉപയോഗിക്കാൻ സാധ്യതയുണ്ടത്രേ. ഇത്തരത്തില്‍ ഉപ്പ് ഉപയോഗം എപ്പോഴും കൂടുന്നത് സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഉപ്പ് അധികമാകുമ്പോള്‍ സ്ട്രെസിന് കാരണമാകുന്ന ഹോര്‍മോണ്‍ 75 ശതമാനമെങ്കിലും കൂടുതല്‍ കാണുമെന്നാണ് പഠനം പറയുന്നത്. എലികളെ വച്ചായിരുന്നു ഗവേഷകര്‍ പഠനം നടത്തിയത്. ഉയര്‍ന്ന അളവില്‍ ഉപ്പ് നല്‍കി ഇവയില്‍ വരുന്ന മാറ്റങ്ങള്‍ ഗവേഷകര്‍ പഠിച്ചു. സ്ട്രെസ് ഹോര്‍മോണ്‍ കൂടുന്നു എന്നതിന് പുറമെ, പാരിസ്ഥിതികമായ സ്ട്രെസുകളോട് ഹോര്‍മോണുകള്‍ക്കുള്ള പ്രതികരണം കൂട്ടാനും അതുപോലെ തന്നെ സ്ട്രെസിനോട് ശരീരത്തിനുള്ള പ്രതികരണം നിയന്ത്രിക്കുന്ന പ്രോട്ടീൻ ഉത്പാദനം കൂട്ടാനുമെല്ലാം ഉപ്പിന്‍റെ അമിത ഉപയോഗം ഇടയാക്കുമെന്ന് പഠനം പറയുന്നു.
സ്ട്രെസിനോട് ശരീരത്തിനുള്ള പ്രതികരണം നിയന്ത്രിക്കുന്ന പ്രോട്ടീൻ തലച്ചോറിനകത്താണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതുകൂടി വര്‍ധിക്കുന്നതോടെ ആക സ്ട്രെസ് വലിയ അളവില്‍ അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ഉപ്പിന്‍റെ ഉപയോഗം പതിവായി മിതപ്പെടുത്തുന്നതാണ് ഉചിതമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഉപ്പിന്‍റെ അളവ് കൂടുന്നത് ഉത്കണ്ഠ അതുപോലെ മുൻകോപം പോലുള്ള പെരുമാറ്റ പ്രശ്നങ്ങളിലേക്കും നയിക്കുമെന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ പല പഠനങ്ങളും നേരത്തേ പങ്കുവച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല പഠനങ്ങളും ഇപ്പോഴും നടന്നുവരികയാണ്.