കൊച്ചി∙ സംസ്ഥാന ഹോക്കി താരവും സെന്റ് ആൽബർട്സ് കോളജ് വിദ്യാർഥിയുമായ കെ.പി.അഭിജിത്തിനു നേരെ ജില്ലാ പട്ടികജാതി ഓഫിസറുടെ ഡ്രൈവർ ഷാജി മനപ്പൂർവം വാഹനം ഇടിച്ചു കയറ്റുകയായിരുന്നെന്ന് ദൃക്സാക്ഷികൾ. വാഹനം പുറത്തേക്കു പോകാതിരിക്കാൻ ഗേറ്റ് അടച്ചശേഷം പുറത്തു നിൽക്കുകയായിരുന്നു അഭിജിത്ത്. വണ്ടി പിന്നോട്ടെടുത്ത ശേഷം ആദ്യം ഗേറ്റിൽ ഇടിപ്പിച്ചെങ്കിലും അഭിജിത്ത് മാറിയില്ല. ഇതോടെ വീണ്ടും വാഹനം പിന്നോട്ട് എടുത്ത് ശക്തമായി മുന്നോട്ടു വന്ന് ഇടിപ്പിക്കുകയായിരുന്നു എന്നും ഹോസ്റ്റൽവാസികളായ വിദ്യാർഥികൾ പറയുന്നു.
വാഹനത്തിൽ കയറിയ ജില്ലാ ഓഫിസറുടെ നിർദേശാനുസരണമാണു താൻ വാഹനം എടുത്തതെന്നു സംഭവശേഷം ഷാജി പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. വീഴ്ചയിൽ തല ഇടിച്ചു വീണ യുവാവ് അരമണിക്കൂറിലേറെ സ്ഥലത്തു കിടന്ന ശേഷമാണ് ആശുപത്രിയിലേക്കു കൊണ്ടു പോകുന്നത്. നാട്ടുകാർ ഒച്ചവച്ചതോടെയാണ് ഓഫിസിൽനിന്നുള്ളവർ പുറത്തിറങ്ങി ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായത്. ഇതിനിടെ വാഹനവുമായി കടന്നു കളയാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. തുടർന്നാണ് ഹോസ്റ്റലിലുള്ള വിദ്യാർഥികളും നാട്ടുകാരും ചേർന്ന് ആംബുലൻസ് വരുത്തി അഭിജിത്തിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാഹി സ്വദേശിയായ പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർഥിയായ അഭിജിത് നേരത്തെ ഹോസ്റ്റൽ വാർഡനുമായുള്ള വിഷയത്തിൽ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. വിദ്യാർഥികൾക്കു വേണ്ട സൗകര്യങ്ങൾ ഹോസ്റ്റലിൽ നൽകാതെ വന്നതു ചോദ്യം ചെയ്തതിനു പ്രതികാര ഭാവത്തിൽ പെരുമാറുകയും ഒറ്റപ്പെടുത്തുകയും ചെയ്തതിന്റെ പേരിലായിരുന്നു ആത്മഹത്യാ ശ്രമം. ഇതോടെ വാർഡൻ സുഭാഷിനെ അന്വേഷണ വിധേയമായി ജില്ലാ ഓഫിസർ സസ്പെൻഡ് ചെയ്തു. വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തിയശേഷം വിശദമായ അന്വേഷണം നടത്തി സുഭാഷിനെതിരെ നടപടി എടുക്കുമെന്നായിരുന്നു ജില്ലാ പട്ടിക ജാതി ഓഫിസർ നൽകിയ ഉറപ്പ്.
എന്നാൽ ഇന്നു രാവിലെ പത്തു മണിയോടെ ജില്ലാ ഓഫിസർ കെ. സന്ധ്യ ഹോസ്റ്റലിലെത്തുകയും വാർഡനെ തിരിച്ചെടുക്കാനും അഭിജിത്തിനെ പുറത്താക്കാനും തീരുമാനിച്ചതായി അറിയിച്ചു. ഇതു ചോദ്യം ചെയ്ത് അഭിജിത് ബഹളം വച്ചിരുന്നു. കോളജിൽ വേണ്ടത്ര അറ്റൻഡെൻസ് ഇല്ലെന്നു കാണിച്ച് കോളജിൽനിന്നു പുറത്താക്കിയെന്നും അതിനാൽ ഹോസ്റ്റലിൽനിന്നും പുറത്താക്കും എന്നുമായിരുന്നു അറിയിച്ചത്. ഇതോടെയായിരുന്നു പ്രതിഷേധം. ഇതിനിടെ പുറത്തു പോകാൻ തുടങ്ങിയ ഓഫിസറെ തടയുകയും വാഹനത്തിൽ കയറി ഇരിപ്പുറപ്പിക്കുകയും ചെയ്തു.
ഈ സമയം ഡ്രൈവർ വണ്ടിയുടെ ലിവർ എടുത്തു കൊണ്ടു കൊണ്ടുവന്ന് അടിക്കാൻ ശ്രമിച്ചതായി ഹോസ്റ്റൽവാസികളായവർ പറയുന്നു. ഇതിന്റെ വിഡിയോ പകർത്താൻ ശ്രമിച്ചതോടെ ഡ്രൈവർ പിൻവാങ്ങി. ഇതോടെ ഗേറ്റ് അടച്ചു പുറത്തു വിടാതിരിക്കാനായി ശ്രമം. ഈ സമയമാണ് ജില്ലാ ഓഫിസർ വാഹനത്തിൽ കയറുന്നതും ഇടിച്ചു കയറ്റുന്നതും. അതേസമയം, ജില്ലാ ഓഫിസർ പറഞ്ഞ പ്രകാരമാണു താൻ വണ്ടി മുന്നോട്ട് എടുത്ത് ഇടിപ്പിച്ചതെന്നാണു ഷാജി കൂടിനിന്നവരോടു പറഞ്ഞത്.
എന്നാൽ, അഭിജിത്ത് തന്നെ കായികമായി നേരിടുകയും പിടിച്ചുതള്ളുകയും ചെയ്തെന്നു ജില്ലാ ഓഫിസർ കെ. സന്ധ്യ പറയുന്നു. എങ്ങനെയെങ്കിലും പുറത്ത് എത്തിക്കാനാണു പറഞ്ഞത് അല്ലാതെ ഇടിച്ചിടാൻ പറഞ്ഞില്ലെന്നും അവർ പറഞ്ഞു. ഡ്രൈവർ ഷാജി കുറ്റം ചെയ്തെങ്കിൽ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കുവിധേയമായ ബി. സന്ധ്യ തനിക്കു ആരോഗ്യ പ്രശ്നമുണ്ടെന്ന നിലപാടിലാണ്. അഭിജിത്തിനു കാലിനും ശരീരത്തും പരുക്കുണ്ടെന്നും ഗുരുതരമല്ലെന്നും ഡോക്ടർമാർ പറഞ്ഞു.
നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള കോളജുകളിലെ പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർഥികളാണ് ഹോസ്റ്റലിലുള്ളത്. ഇപ്പോൾ 15 വിദ്യാർഥികൾ മാത്രമാണ് ഉള്ളതെങ്കിലും കോളജുകളിൽനിന്നു പുതിയ കുട്ടികൾ വരുന്ന സമയമാണെന്നതിനാലാണ് വാർഡനെ തിരികെ പ്രവേശിപ്പിക്കാനുള്ള തീരുമാനമെന്ന് ഓഫിസിലുള്ളവർ പറയുന്നു. എന്നാൽ കൊല്ലുന്ന വാർഡനെ വേണ്ടെന്ന നിലപാടിലാണു വിദ്യാർഥികൾ.മതിയായ ഹാജർ ഇല്ലാത്തതിനാൽ പരീക്ഷ എഴുതുന്നതു വിലക്കുകയും കോളജ് ഹോക്കി ടീമിൽനിന്നു പുറത്താക്കുകയും ചെയ്തതിനെതിരെ അഭിജിത്ത് ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി വാങ്ങിയെന്നു സഹപാഠികൾ പറയുന്നു.