റാസല്‍ഖൈമ: ബാങ്കില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച പണവുമായി അക്കൗണ്ടന്റ് മുങ്ങി. യുഎഇയിലെ റാസല്‍ഖൈമയിലാണ് സംഭവം. കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനായി അക്കൗണ്ടന്റിന്റെ പക്കല്‍ 25,350 ദിര്‍ഹം ഏല്‍പ്പിച്ചതായും എന്നാല്‍ ഈ പണവുമായി അക്കൗണ്ടന്റ് കടന്നു കളഞ്ഞെന്നും പണം തിരികെ നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടി കമ്പനിയുടെ മാനേജര്‍ കേസ് ഫയല്‍ ചെയ്തു.
കരാര്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന 36കാരനായ അക്കൗണ്ടന്റിനെതിരെയാണ് കേസ് നല്‍കിയത്. പണവുമായി മുങ്ങിയ അക്കൗണ്ടന്റ് മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് കയറുകയും ചെയ്തു. പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് മാനേജര്‍ അക്കൗണ്ടന്റിനെ സമീപിച്ചെങ്കിലും ഫലം കാണാത്തതിനാല്‍ കേസ് കോടതിയിലെത്തുകയായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി അക്കൗണ്ടന്റ് പണം കൈപ്പറ്റിയെന്ന രേഖ ഹര്‍ജിക്കാരിയായ സ്ഥാപന ഉടമ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശമ്പളം ലഭിക്കാനുള്ള ജീവനക്കാരുടെ പേരും തുകയും പരാതിക്കാരിയായ സ്ഥാപന ഉടമ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസ് പരിഗണിച്ച റാസല്‍ഖോമ പാര്‍ഷ്യല്‍ സിവില്‍ കോടതി, ഇരുഭാഗത്തെയും വാദം കേട്ട ശേഷം അക്കൗണ്ടന്റ് 25,350 ദിര്‍ഹം സ്ഥാപന ഉടമയ്ക്ക് നല്‍കണമെന്ന് വിധിച്ചു. കൂടാതെ കോടതി ചെലവുകളും ഇയാള്‍ വഹിക്കണം.