ആലപ്പുഴ: നാട്ടുകാരെ ആറ് മണിക്കൂർ മുൾമുനയിൽ നിർത്തിയ കുട്ടി തിരികെ വീട്ടിലെത്തി. തലവടി തോപ്പാൽ കേളപ്പറമ്പിൽ റെനി എബ്രഹാമിന്‍റെ മകനെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. വൈകീട്ടും കുട്ടി തിരികെ എത്താഞ്ഞതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും, പൊലീസും ഊർജ്ജിത അന്വേഷണം നടത്തി. ഇതിനകം സാമൂഹിക മാധ്യമങ്ങളിലും കുട്ടിയെ കാണാതായെന്ന വാർത്ത പ്രചരിച്ചു. ഇതിനിടെ കുട്ടി പഠിച്ചിരുന്ന സ്കൂളിലെ സഹപാഠികളുടെ വീടുകളിലും അന്വേഷണം നടന്നു. കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആറ് മണിക്കൂറുകള്‍ക്ക് ശേഷം വൈകീട്ട് ആറ് അരയോടെ കുട്ടി വീട്ടിലേക്ക് തിരിച്ചെത്തി. കാണാതായെന്ന് കരുതിയ കുട്ടി തിരച്ചെത്തിയോടെ നാട്ടുകാര്‍ക്കും വീട്ടുക്കാര്‍ക്കും ആശ്വസമായി. തുടര്‍ന്ന് എവിടെ പോയെന്ന് അന്വേഷിച്ചപ്പോള്‍, അമ്മയെ പറ്റിക്കാനായി ഒളിച്ചിരിക്കുകയായിരുന്നു എന്നായിരുന്നു കുട്ടിയുടെ മറുപടി.
കഴിഞ്ഞ ദിവസം കോട്ടയം മാങ്ങാനത്ത് സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത് ഏറെ വിവാദമായിരുന്നു. വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ച്ച (16.11.’22) യാണ് കൗമാരക്കാരായ ഒമ്പത് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്. രാത്രിയോടെ കുട്ടികള്‍ രക്ഷപ്പെട്ടെങ്കിലും സ്ഥാപനത്തിലെ ജീവനക്കാര്‍ വിവരം അറിഞ്ഞത് പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു. ഒടുവില്‍ രക്ഷപ്പെട്ടവരില്‍ ഒരാളുടെ ബന്ധുവീട്ടില്‍ നിന്ന് ഒമ്പത് പേരെയും കണ്ടെത്തി. വീട്ടുകാരെ കാണാന്‍ ഷെല്‍ട്ടര്‍ ഹോം ജീവനക്കാര്‍ അനുവദിക്കുന്നില്ലെന്നും കക്കൂസ് കഴുകിക്കുന്നതടക്കമുളള ജോലികള്‍ നിര്‍ബന്ധിച്ച് ചെയ്യിച്ചതോടെ മനം മടുത്ത് സ്ഥലം വിടുകയായിരുന്നെന്നുമാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് മഹിളാ സമഖ്യ സൊസൈറ്റിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വനിത ശിശു വികസനവകുപ്പ് ഡയറക്ടര്‍ക്ക് ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.