കോഴിക്കോട്∙ ശശി തരൂരിന് അപ്രഖ്യാപിത വിലക്ക്. ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറി. കോഴിക്കോട്ട് തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കള്‍ നിർദേശം നൽകി. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്നതായിരുന്നു വിഷയം. സെമിനാറിന്റെ നടത്തിപ്പ് കോണ്‍ഗ്രസ് അനുകൂല സാംസ്കാരിക സംഘടന ഏറ്റെടുത്തു.കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്ലികാർജുൻ ഖർഗെയ്ക്കെതിരെ മത്സരിച്ചു ചലനം സൃഷ്ടിച്ച തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി മലബാർ പര്യടനം നടത്തുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ചില പ്രധാന പരിപാടികളിൽ പങ്കെടുക്കുന്ന തരൂർ പ്രമുഖരായ വ്യക്തികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. 14 ജില്ലകളിലും പരിപാടികൾക്കു തുടക്കമിടുന്നതിന്റെ ആദ്യപടിയാണ് മലബാർ യാത്ര.
വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ശശി തരൂർ ശനിയാഴ്ച രാത്രി കോഴിക്കോടെത്തും. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന സെമിനാറിൽ തരൂർ പങ്കെടുക്കാനിരിക്കെയാണ് സെമിനാർ നടത്തിപ്പിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറുന്നത്. തുടർന്ന് ജവഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടന പരിപാടി ഏറ്റെടുത്തു. ശശി തരൂർ സമാന്തരമായി നടത്തുന്ന പരിപാടിയിൽ സഹകരിക്കേണ്ടതില്ല എന്ന തരത്തിൽ മുതിർന്ന നേതാക്കളുടെ ഭാഗത്തുനിന്ന് വിലക്കുണ്ടെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ അനൗദ്യോഗികമായി ചൂണ്ടിക്കാണിക്കുന്നത്. കണ്ണൂരിലും യൂത്ത് കോൺഗ്രസിന്റെയും ഡിസിസിയുടെയും നേതൃത്വത്തിൽ നടത്താനിരുന്ന ഇത്തരത്തിൽ ഒരു പരിപാടിയിൽനിന്നും ഇരുവരും പിന്മാറിയതായും വിവരമുണ്ട്.